തിരുവനന്തപുരം: ജീവനക്കാർക്ക് കേന്ദ്രസർക്കാർ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതോടെ അത് കേരളത്തിൽ നടപ്പാക്കണോ എന്നതിലടക്കം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചേക്കും. കേന്ദ്രം പ്രഖ്യാപിച്ച പുതിയ പദ്ധതി വേണോ, ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ബദൽ പെൻഷൻ പദ്ധതി നടപ്പാക്കണോ, പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മടങ്ങണോ എന്നതടക്കം സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുക.
നിലവിലെ എൻ.പി.എസ് പദ്ധതി ഒഴിവാക്കി 2025 ഏപ്രിൽ മുതലാണ് കേന്ദ്രത്തിന്റെ പുതിയ പെൻഷൻ പദ്ധതി നിലവിൽ വരുന്നത്. അതിനു ശേഷമായിരിക്കും സംസ്ഥാനങ്ങൾ അതിൽ ചേരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതിനാൽ സർക്കാരിന് സാവകാശം കിട്ടും. പുതിയ പദ്ധതി നടപ്പാക്കിയാലും പ്രത്യേക പദ്ധതി കൊണ്ടുവന്നാലും അതുണ്ടാക്കുന്ന സാമ്പത്തിക ബാദ്ധ്യത എത്രയെന്നു പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.
സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി മാറ്റി ദേശീയ പെൻഷൻ പദ്ധതി നടപ്പാക്കിയത് 2013ലാണ്. 2016ൽ അധികാരത്തിലേറിയ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എൻ.പി.എസ് പദ്ധതിയിൽ നിന്ന് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകുക എന്നത്. എന്നാൽ അതിന് അന്ന് തടസമായി നിന്നത് എൻ.പി.എസിൽ നിക്ഷേപിച്ച തുക തിരിച്ചുകിട്ടുമോ എന്നതും പഴയ പെൻഷൻ പദ്ധതിയിലേക്ക് പോകുമ്പോഴുള്ള വൻ സാമ്പത്തിക ബാദ്ധ്യതയുമായിരുന്നു. കേരളത്തിന്റെ 8,03,411കോടി രൂപയാണ് എൻ.പി.എസിലുള്ളത്. സംസ്ഥാനത്തെ 5.25ലക്ഷം ജീവനക്കാരിൽ 2ലക്ഷം പേരാണ് നിലവിൽ എൻ.പി.എസിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |