ഹരിപ്പാട് : ഗവ. ആശുപത്രിയിൽ സിസേറിയനു ശേഷം വയറ്റിൽ ദുഷിച്ച രക്തം അടിഞ്ഞുകൂടി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും വീണ്ടും ഓപ്പറേഷൻ വേണ്ടിവന്നെന്നും പരാതി. പെണ്ണുക്കര ആലാ സ്വദേശി അജീഷയ്ക്കാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ സിസേറിയനെ തുടർന്ന് പ്രശ്നങ്ങളുണ്ടായത്. വേണ്ട പ്രസവ ശുശ്രൂഷ നൽകിയില്ലെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റ് ജെയിൻ ജേക്കബിനെതിരെ പൊലീസിലും ഡി.എം.ഒയ്ക്കുമാണ് പരാതി നൽകിയത്. ഹരിപ്പാട് പൊലീസ് കേസെടുത്തു.
അജീഷയെ ജൂലായ് 23 ന് രാത്രി 11നാണ് പ്രവേശിപ്പിച്ചത്. 24ന് പുലർച്ചെ കുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ, മൂന്നുദിവസത്തിന് ശേഷം യുവതിയുടെ വയർ നീര് വന്ന് വീർത്തു. തുടർന്ന് 27ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. പരിശോധനയിൽ വയറിൽ രക്തവും മാലിന്യങ്ങളും അടിഞ്ഞു കിടക്കുന്നത് കണ്ടെത്തി. ആരോഗ്യനില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആഗസ്റ്റ് 8ന് വീണ്ടും ശസ്ത്രക്രിയ നടത്തി രക്തം നീക്കം ചെയ്യുകയായിരുന്നു.
ആശുപത്രിയുടെ
വിശദീകരണം
ഹിമോഗ്ലോബിൻ അളവ് കുറവായതിനാൽ രക്തം നൽകിയിരുന്നു. വയർ വീർത്തതു കണ്ട് സ്കാനിംഗ് നടത്തിയപ്പോൾ രക്തം കട്ടപിടിച്ചിരിക്കുന്നത് (ഹെമറ്റോമ ) അറഞ്ഞു. സിസേറിയൻ കേസുകളിൽ 2-5 ശതമാനം പേർക്ക് ഇതിന് സാദ്ധ്യതയുണ്ട്. സിസേറിയൻ നടത്തിയ ആശുപത്രിയിൽ വീണ്ടും അതേ രോഗിക്ക് ഓപ്പറേഷൻ പാടില്ലാത്തതിനാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. സത്യം ഇതായിരിക്കെ ആശുപത്രിക്കെതിരേയുള്ള കുപ്രചാരണം ദുഷ്ടലാക്കോടെയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ശിവനും ആർ.എം.ഒ ഡോ. ശരത്തും പറഞ്ഞു.
മെഡിക്കൽ കോളേജിലെ ഓപ്പറേഷന് ശേഷം ഒരു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു
- സരസമ്മ, യുവതിയുടെ മാതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |