ശസ്ത്രക്രിയയ്‌ക്കിടയിൽ പഞ്ഞിയും തുണിയും കത്രികയുമടക്കമുള്ളവ വയറിൽ തുന്നിച്ചേർത്ത സംഭവങ്ങൾ ഇപ്പോൾ നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും അറിഞ്ഞുകൊണ്ട് ഒരു ഡോക്ടർ അത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെടുത്താണ് ഡോക്ടർമാർ ജോലി ചെയ്യുന്നത്. അടിയന്തരമായി വരുന്ന ശസ്ത്രക്രിയകളിലാണ് പലപ്പോഴും വീഴ്ചയുണ്ടാകുന്നത്.
ശസ്ത്രക്രിയാ ഉപകരണങ്ങളും സാധനങ്ങളും അലക്ഷ്യമായി ഉപയോഗിക്കുന്നതും യഥാവിധം പരിശോധിക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. ശസ്ത്രക്രിയയിൽ ഉറപ്പാക്കേണ്ട നിയമപരമായ നിർദ്ദേശങ്ങൾ ഇപ്പോൾ പാലിക്കപ്പെടുന്നുണ്ടോ എന്നതും സംശയമാണ്. അടിയന്തര ശസ്ത്രക്രിയകൾക്കുള്ള ഉപകരണങ്ങളുടെയും സാധനങ്ങളുടെയും ലിസ്റ്റുണ്ടാക്കുന്നതിന് ബോർഡ് വയ്‌ക്കാറുണ്ട്. രോഗിയുടെയും സർജന്റെയും പേര്, നഴ്സുമാരുടെ എണ്ണവും ചുമതലയും, കൊണ്ടുവന്ന ഉപകരണങ്ങൾ, മോപ്സ്, ഡ്രസിഗ് പാഡ്സ്, ഗ്ലൗസ്, കോട്ടൺ എന്നിവ പരിശോധിച്ച് എഴുതിവയ്‌ക്കണം. ഉപയോഗ ശേഷം ഇവ യഥാസ്ഥാനത്തുണ്ടോയെന്നും ബോർഡിലെഴുതിയിട്ടുണ്ടോയെന്നും പരിശോധിക്കണം. ഈ പരിശോധന നടക്കാത്തതാണ് പല ഉപകരണങ്ങളും അകത്തുപോകാൻ കാരണം. തിരക്കിട്ട് ശസ്ത്രക്രിയ നടത്തുന്ന സർജനും മറ്റ് ഡോക്ടർമാരും ഇതെല്ലാം ബോർഡിലെഴുതിയോ എന്നും എല്ലാ ഉപകരണവും എടുത്തുവച്ചോയെന്നും ചോദിക്കാറേയുള്ളൂ. അത് പരിശോധിച്ച് സർജനും മറ്റ് ഡോക്ടർമാരും ഉറപ്പാക്കണം. ശസ്ത്രക്രിയയിൽ പങ്കാളികളാകുന്ന നഴ്സുമാർക്കും ഈ ഉത്തരവാദിത്വമുണ്ട്. ഇവ പൂർത്തിയാക്കിയിട്ടെ ശസ്ത്രക്രിയ ചെയ്ത ഭാഗം തുന്നിച്ചേർക്കാവൂ.
സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ആധുനിക ശസ്ത്രക്രിയ സംവിധാനങ്ങളുണ്ടാകാറില്ല. ഉള്ളതുവച്ച് സർജൻമാർ മാനേജ് ചെയ്യുകയാണുണ്ടാവുക. സർജൻമാർക്കും നഴ്സുമാർക്കും ശരിയായ പരിശീലനം ലഭിക്കുന്നുണ്ടോ എന്നതും സംശയകരമാണ്. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ ആത്മാർത്ഥതയിലും നേടിയ അറിവിലും അപചയമുണ്ടായിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. വിദ്യാഭ്യാസത്തിലും തൊഴിൽ വൈദഗ്ദ്ധ്യത്തിലും മാത്രമല്ല പരിശീലനത്തിൽ വരെ ഈ അപചയം പ്രകടമാണ്.
മുന്നൊരുക്കത്തെ കുറിച്ച് ബോധവത്കരണം
മുന്നൊരുക്കങ്ങളെക്കുറി ഡോക്ടർമാർ, നഴ്സുമാർ, ടെക്നിഷ്യൻമാർ എന്നിവരെ ബോധവത്കരിക്കണം.
ഉപകരണങ്ങൾ പരിശോധിക്കാൻ നഴ്സിനെയോ സൂപ്പർവൈസറെയോ പ്രത്യേകമായി നിയോഗിക്കണം.
ഏതെല്ലാം ഉപകരണൾ കൊണ്ടുവന്നു, ഉപയോഗിച്ചു എന്നത് എഴുതിവക്കണം.
മോപ്സ്, പാഡ്സ്, ഗ്ലൗസ് എന്നിവ എത്രമാത്രം ഉപയോഗിച്ചെന്നത് ബോർഡിലെഴുതണം.
നഴ്സുമാരും ഡോക്ടർമാരും ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഇത് പരിശോധിച്ച് ഉറപ്പാക്കണം.
( രാജ്യം പദ്മശ്രീ നൽകി ആദരിച്ച ലേഖകൻ
തിരുവനന്തപുരം ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാനാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |