സൂപ്പർ ലീഗ് കേരള ഫുട്ബാളിന് ഇന്ന് തുടക്കം
ആദ്യപോരിൽ കൊച്ചിയും മലപ്പുറവും നേർക്കുനേർ
കൊച്ചി: കാൽപ്പന്തിന്റെ കളിത്തൊട്ടിലായ കേരളത്തിന്റെ സ്വന്തം ഫുട്ബാൾ ലീഗിന് ഇന്ന് കിക്കോഫ്.
'താരപ്രൗഢിയോടെ' സ്വന്തം തട്ടകത്തിൽ ഇറങ്ങുന്ന ഫോഴ്‌സാ കൊച്ചിയും കളത്തിലും ഖൽബിലും ഫുട്ബാളിനെ നെഞ്ചോടുചേർക്കുന്ന മലപ്പുറത്തിന്റെ സ്വന്തം മലപ്പുറം എഫ്.സിയുമാണ് പ്രഥമ സൂപ്പർ ലീഗ് കേരളയിലെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ടിനാണ് ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ്. വൈകിട്ട് ആറിന് വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ജാക്വലിൻ ഫെർണാണ്ടസ്, ശിവമണി, സ്റ്റീഫൻ ദേവസി, ഡി.ജെ ശേഖർ,റാപ്പർ ഫെജോ തുടങ്ങി പ്രമുഖ കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. ആരാധകരും ആവേശത്തിലാണ്. ടിക്കറ്റുകൾ ഏറെയും വിറ്റുപോയി.
ജയിച്ച് തുടങ്ങാൻ കൊച്ചി
നാട്ടുകാർക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ ഫോഴ്‌സാ കൊച്ചിക്ക് ജയിച്ചേതീരൂ. വിജയംമാത്രം ലക്ഷ്യമിട്ടിറങ്ങുന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ സഹ ഉടമസ്ഥതയിലുള്ള ടീമിന് കിരീടത്തിലേക്കുള്ള പാതവെട്ടാൻ പരിചയസമ്പത്തും യുവത്വവും നിറഞ്ഞ പോരാളികൾ നിരവധി. ഫോഴ്സയുടെ ഗോൾമുഖംകാക്കാൻ നായകൻ സുഭാശിഷ് റോയി.തുറുപ്പുചീട്ടായി ബ്രസീലിയൻ ഗോളടിവീരൻ അഗസ്റ്റോ. ടുണീഷ്യൻ ദേശീയതാരമായ സയിദ് മുഹമ്മദ് നിദാൽ, ഡിസിരി ഒമ്രാൻ, ഐവറിതാരം മോക്കി ജീൻ ബാപ്പിെരസ്ര, സൗത്ത് ആഫ്രിക്കൻതാരം സിയാൻഡ നിഗുമ്പൊ, കൊളംബിയക്കാരൻ റോഡ്രിഗസ് എന്നിവർ ഉൾപ്പെടുന്നതാണ് വിദേശനിര. സന്തോഷ് ട്രോഫി താരങ്ങളായ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ഹജ്മൽ സക്കീർ, നിതിൻ മധു, അമീൻ കെ, അൽക്കേഷ് രാജ്, അജയ് അലക്‌സ് തുടങ്ങിയ താരങ്ങളും ഫോഴ്‌സയുടെ കരുത്താണ്. രാഹുൽ കെ.പി, സാൽ അനസ്, റെമിത് കെ, അരുൺലാൽ, ശ്രീനാഥ്, ലിജോ കെ, ജെസിൽ മുഹമ്മദ്, നൗഫൽ കെ, ആസിഫ് കോട്ടയിൽ, ജഗനാഥ്, കമൽപ്രീത് സിംഗ്, അനുരാഗ് പി.വി എന്നിവരും കൂടി ഉൾപ്പെടുന്നതാണ് സ്‌ക്വാഡ്.
കുറഞ്ഞ സമയത്തിനുള്ളിൽ ടീമിനെ കോർത്തിണക്കിയ 38 കാരനായ പോർച്ചുഗീസ് പരിശീലകൻ മാരിയോ ലെമോസിന്റെ തന്ത്രങ്ങൾ വിജയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
മിന്നാൻ മലപ്പുറം
എതിരാളിയുടെ തട്ടകത്തിൽ ജയത്തോടെ തുടങ്ങാനാണ് മലപ്പുറം എഫ്.സിയുടെ വരവ്. യുക്രെയിൻ സ്‌ട്രൈക്കർ പെഡ്രോ മാൻസി, സ്‌പെയിനിൽനിന്നുള്ള റൈറ്റ് ബാക്ക് ഐറ്റോർ അൽദാലുർ, സ്‌പെയിനിന്റെ തന്നെ താരമായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ജോസെബ ബെ്റ്റിയിയ, സ്‌പെയിൻ സെന്റർബാക്ക് റൂബൻ ഗാർസസ്, ബ്രസീലിയൻ വിംഗർ സെർജിയോ ബാർബോസ, സ്‌പെയിൻ സ്‌ട്രൈക്കർ അലക്‌സ് സാഞ്ചസ് എന്നിവരാണ് ടീമിന്റെ വിദേശകരുത്ത്. മുൻ ഇന്ത്യൻതാരങ്ങളായ അനസ് എടത്തൊടിക, ഗുർജിന്ദർകുമാർ, സന്തോഷ് ട്രോഫി നേടിയ കേരള ടീം ക്യാപ്ടൻ വി. മിഥുൻ എന്നിവരുടെ സാന്നിദ്ധ്യവും ടീമിന് കരുത്തേകും. ജോർജ് ഡിസൂസ, സൗരവ് ഗോപാലകൃഷ്ണൻ, റിസ്‌വാൻ അലി കെ, ടെൻസിൻ, മുഹമ്മദ് സിനാൻ മിർദാസ് അബ്ബാസ്, അനിൽ അഡേക്കർ, നന്ദുകൃഷ്ണ, ബുജൈർ വി, ഫസലു റഹ്മാൻ, നിഷാം, നവീൻ കൃഷ്ണ, മുഹമ്മദ് മുഷറഫ്, അജിത്കുമാർ, അജയ് കൃഷ്ണൻ, മുഹമ്മദ് ജാസിം എന്നിവർകൂടി ചേരുമ്പോൾ മലപ്പുറം സൂപ്പർപവറാകും.
ചെന്നൈയിൻ എഫ്.സിയെ ഐ.എസ്.എൽ ചാമ്പ്യൻമാരാക്കിയ
സൂപ്പർ പരിശീലകൻ ജോൺ ഗ്രിഗറിയുടെ ചിറകിലേറിയാണ് മലപ്പുറത്തിന്റെ വരവ്,.
ടി വി ലൈവ്
സ്റ്റാർസ്‌പോർട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും സംപ്രേക്ഷണം ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |