കൊച്ചി: പോരിന് ഒരുങ്ങിവന്ന മലപ്പുറത്തിന്റെ പടയാളികൾക്ക് മുന്നിൽ അടിതെറ്റി വീണ് കൊച്ചി. പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്.സിക്ക് വിജയത്തുടക്കം. ആതിഥേയരായ ഫോഴ്സ കൊച്ചി എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുക പരാജയപ്പെടുത്തി. മലപ്പുറത്തിനായി സ്പെയിൻ താരം പെഡ്രോ ജാവിയർ, ഫസലു റഹ്മാൻ എന്നിവർ ലക്ഷ്യം കണ്ടു. ഫോഴ്സയ്ക്കായി അർജുൻ ജയരാജും നിജോ ഗിൽബർട്ടും മികച്ച കളിപുറത്തെടുത്തെങ്കിലും മലപ്പുറം ഗോളി മിഥുൻ അവരുടെ സ്വപ്നങ്ങളെ തട്ടിയകറ്റി.
വർണാഭമായ കലാപരിപാടികളോടെയായിരുന്നു സീസൺ തുടക്കം. നാളെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ എഫ്.സിയും കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയും തമ്മിലാണ് ലീഗിലെ രണ്ടാം മത്സരം.
പതിയെ തുടക്കം. പിന്നെ കുതിപ്പ്
കളിതുടങ്ങി മൂന്നാം മിനിട്ടിൽ തന്നെ മലപ്പുറം ഫോഴ്‌സയ്ക്ക് നേരെ ആദ്യനിറയൊഴിച്ചു. മദ്ധ്യഭാഗത്തിന് നിന്ന് നീട്ടിനൽകിയ പന്ത് വലതുവിംഗിൽ ഫസലു റഹ്മാന്റെ കാലിൽ. പന്തുമായി മുന്നോട്ട് കുതിച്ച ഫസുവിന്റെ അളന്നുമുറിച്ചുള്ള ക്രോസ് ഫോഴ്‌സയുടെ പ്രതിരോധപ്പൂട്ട് പൊളിച്ച് സ്‌പെയിൻതാരം പെഡ്രോ കിടിലൻ ഹെഡ്ഡറിലൂടെ ഫോഴ്‌സ നായകൻ സുഭാശിഷിനെ കാഴ്ചക്കാരാനാക്കി വലയിലാക്കി.. തിരിച്ചടിക്ക് ഇറങ്ങിയ ഫോഴ്‌സയ്ക്ക് പക്ഷേ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. ആദ്യകോർണറും പാഴാക്കി. 16ാം മിനിട്ടിൽ ലഭിച്ച മികച്ച അവസരവും കളഞ്ഞുകുളിച്ചു. വലതുവിംഗിൽ നിന്ന് നിജോ ഗിൽബർട്ടിന്റെ ക്രോസ് ഗോളി മിഥുന്റെ കൈയ്യിൽ തട്ടിത്തെറിച്ചെത്തിയത്
അർജുൻ ജയരാജിന്റെ കാലിൽ. മലപ്പുറം അപകടം മണത്തെങ്കിലും അർജുന്റെ നിലംപറ്റിയുള്ള ഷോട്ട് പോസ്റ്റിന് സമീപത്തുകൂടി പുറത്തേയ്ക്ക് പോയി. ലീഡ് ഉയർത്താനുള്ള മലപ്പുറത്തിന്റെ ശ്രമങ്ങളും ഫോഴ്‌സ പ്രതിരോധം സമർത്ഥമായി തകർത്തു. 40-ാം മിനിട്ടിൽ മലപ്പുറം ലീഡുയർത്തി. അയിറ്റർ അൽദാലിയറിയറിനെ ഫൗൾചെയ്തതിന് മലപ്പുറത്തിന് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത അൽദാലിയർ പന്ത് റൂബർ ഗാർസസിന് നൽകി. ബോക്‌സിലേക്കുള്ള സ്‌പെയിൻ പ്രതിരോധ താരത്തിന്റെ കിക്കിൽ പെഡ്രോയുടെ ഹെഡർ. ഗോൾമുഖത്തിന് താഴ്ന്നിറങ്ങിയ പന്തിലേക്ക് പാഞ്ഞെത്തിയെ ഫസലുവിന്റെ ടച്ച്. പന്ത് വലയിൽ. മലപ്പുറം ആരാധാകർ ആവേശത്തിലാറാടി. ആദ്യപകുതിതീരാൻ നിമിഷങ്ങൾ മാത്രംശേഷിക്കെ ലഭിച്ച ഫ്രീകിക്കും ആതിഥേയർക്ക് മുതലെടുക്കാനായില്ല. ക്ലോസ് റേഞ്ചിൽ പന്ത് ലഭിച്ച ദിരി ഒംറാൻ വലകുലുക്കുമെന്ന് എല്ലാവരും കരുതി, പക്ഷേ ടുണീഷ്യക്കാരന് ഉന്നംതെറ്റി.
തണുപ്പൻ മട്ടിലായിരുന്നു രണ്ടാംപകുതയുടെ തുടക്കം. കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ ഇരുടീമുകൾക്കുമായില്ല. പ്രതിരോധത്തിലൂന്നിയായിരുന്നു മലപ്പുറം നീക്കങ്ങളെല്ലാം. അവസാന മിനിട്ടിൽ മലപ്പുറം ആക്രമണത്തിലേക്ക് തിരിച്ചുവന്നെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. സാൽ അനസിനെ മുന്നിൽ നിറുത്തിയാണ് ഫോഴ്‌സസ്വന്തം തട്ടകത്തിൽ ആദ്യ മത്സരത്തിനിറങ്ങിയത്. അനസ് എടത്തൊടികയെ പ്രതിരോധത്തിന്റെ കോട്ടയേൽപ്പിച്ചാണ് പരിശീലകൻ ജോൺ ഗ്രിഗറി മലപ്പുറത്തിനെ ആദ്യ അങ്കത്തിനിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |