ന്യൂയോർക്ക് : പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ഒരുങ്ങിയ സ്ത്രീയുടെ ജീവൻ രക്ഷിച്ച് റോക്ക് ഇതിഹാസം ജോൺ ബോൺ ജോവി. ടെന്നസിയിലെ നാഷ്‌വില്ലിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ജോവിയുടെ ഒരു മ്യൂസിക് വീഡിയോയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപ്രതീക്ഷിത രംഗങ്ങൾ.
കുബർലാൻഡ് നദിക്ക് കുറുകേയുള്ള ജോൺ സെയ്ഗൻതലർ നടപ്പാലത്തിന്റെ കൈവരിയിൽ അപകടകരമായ തരത്തിൽ നിന്ന സ്ത്രീയെ ജോവിയും സംഘവും കണ്ടു. 62കാരനായ ജോവി പതിയെ സ്ത്രീയുടെ അരികിലേക്ക് നടന്നു. സമാധാന വാക്കുകളുമായെത്തിയ അദ്ദേഹം അവരെ സംസാരിച്ച് അനുനയിപ്പിക്കാനും ശാന്തമാക്കാനും ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നാഷ്‌വിൽ പൊലീസ് പുറത്തുവിടുകയായിരുന്നു.
സംഘത്തിലെ മറ്റൊരു സ്ത്രീയും ജോവിക്കൊപ്പം ചേർന്നു. പാലത്തിന്റെ വക്കിൽ നിന്ന 60കാരിയായ സ്ത്രീയെ ഇരുവരും ചേർന്ന് നടുവിലേക്ക് കയറ്റി. വിങ്ങിപ്പൊട്ടിയ സ്ത്രീയെ ജോവി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജോവിയുടെ നല്ല പ്രവൃത്തിക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |