വനിതാട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് യു.എ.ഇയിൽ തുടക്കം
ഇന്ത്യയുടെ ആദ്യ മത്സരം നാളെ ന്യൂസിലാൻഡിന് എതിരെ
ഷാർജ : ഇനി വനിതാ ക്രിക്കറ്റിന്റെ ലോക പോരാട്ടനാളുകൾ.ഒൻപതാമത് ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പ് ടൂർണമെന്റിന് ഇന്ന് യു.എ.ഇയിലാണ് തിരിതെളിയുന്നത്. പാകിസ്ഥാനും ശ്രീലങ്കയുമാണ് ആദ്യ പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് ആറുമണിക്കാണ് മത്സരം തുടങ്ങുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നാളെ കിവീസിന് എതിരെയാണ്.
ബംഗ്ളാദേശിനാണ് ഇക്കുറി വനിതാ ട്വന്റി-20 ലോകകപ്പ് വേദി അനുവദിച്ചിരുന്നതെങ്കിലും അവിടുത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.ദുബായ് ,ഷാർജ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 10 രാജ്യങ്ങളാണ് ഈമാസം 20വരെ നീളുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുക. അഞ്ചു ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമിയിലേക്ക് കടക്കുന്ന രീതിയിലാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ഒപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ. ന്യൂസിലാൻഡ്,പാകിസ്ഥാൻ,ശ്രീലങ്ക എന്നിവരാണ് എ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബി ഗ്രൂപ്പിൽ ഇംഗ്ളണ്ട്,സ്കോട്ട്‌ലാൻഡ്,ബംഗ്ളാദേശ്,ദക്ഷിണാഫ്രിക്ക,വെസ്റ്റ് ഇൻഡീസ് ടീമുകൾ അണിനിരക്കുന്നു.
6
മുമ്പുനടന്ന എട്ടു ലോകകപ്പുകളിൽ ആറിലും കിരീടമുയർത്തിയത് ഓസ്ട്രേലിയയാണ്. 2010,2012,2014,2018,2020,2023 വർഷങ്ങളിലാണ് ഓസീസ് കിരീടമുയർത്തിയത്. കഴിഞ്ഞ വർഷം നടന്ന ഫൈനലിൽ ആതിഥേയരായിരുന്ന ദക്ഷിണാഫ്രിക്കയെയാണ് ഓസീസ് തോൽപ്പിച്ചത്. 2009ൽ നടന്ന പ്രഥമ ലോകകപ്പിൽ ഇംഗ്ളണ്ടും 2016ൽ വെസ്റ്റ് ഇൻഡീസും ജേതാക്കളായി. ആദ്യ ലോകകപ്പിലൊഴികെ എല്ലാത്തവണയും ഓസ്ട്രേലിയക്കാരികൾ ഫൈനലിൽ കളിച്ചു.
2020
ൽ ഫൈനലിലെത്തിയതാണ് ഇന്ത്യൻ വനിതാ ടീമിന്റെ ട്വന്റി-20 ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം. അന്ന് ഗ്രൂപ്പ് റൗണ്ടിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചിരുന്ന ഇന്ത്യ പക്ഷേ ഫൈനലിൽ കവാത്ത് മറന്നു.
ഗ്രൂപ്പ് എ
ഇന്ത്യ
ഓസ്ട്രേലിയ
ന്യൂസിലാൻഡ്
പാകിസ്ഥാൻ
ശ്രീലങ്ക
ഗ്രൂപ്പ് ബി
ഇംഗ്ളണ്ട്
സ്കോട്ട്‌ലാൻഡ്
ബംഗ്ളാദേശ്
ദക്ഷിണാഫ്രിക്ക
വെസ്റ്റ് ഇൻഡീസ്
ഇന്ത്യയുടെ മത്സരങ്ങൾ
ഒക്ടോബർ 04 വെള്ളി
Vs ന്യൂസിലാൻഡ്
ഒക്ടോബർ 06 ഞായർ
Vs പാകിസ്ഥാൻ
ഒക്ടോബർ 09 ബുധൻ
Vs ശ്രീലങ്ക
ഒക്ടോബർ 13 ഞായർ
Vs ഓസ്ട്രേലിയ
ഒക്ടോബർ 17,18 തീയതികളിലാണ് സെമി ഫൈനലുകൾ. 20ന് ഫൈനൽ
നാലുവർഷം മുമ്പ് ഫൈനലിൽ നഷ്ടപ്പെട്ടുപോയ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻടീം ലോകകപ്പിനിറങ്ങുന്നത്. സ്മൃതി മന്ദാന,ജെമീമ റോഡ്രിഗസ്,ഷഫാലി വെർമ്മ, രാധായാദവ് , രേണുക സിംഗ്, പൂജ വസ്ത്രകാർ,ദീപ്തി ശർമ്മ,റിച്ച ഘോഷ് തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യൻ ടീമിലുണ്ട്. ആദ്യമായാണ് മലയാളികൾ ഇന്ത്യൻ വനിതാ ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്നത്. യുവ ഓഫ് സ്പിന്നർ ശ്രേയാങ്ക പാട്ടീലും ഇന്ത്യൻ നിരയിലുണ്ട്.
വാംഅപ്പിൽ വിജയങ്ങൾ
ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും വിജയിച്ച് മികച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം.ആദ്യ സന്നാഹത്തിൽ വെസ്റ്റ് ഇൻഡീസിനെ 20 റൺസിനും രണ്ടാം സന്നാഹത്തിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിനുമാണ് തോൽപ്പിച്ചത്. വിൻഡീസിന് എതിരെ ജെമീമ(52) അർദ്ധസെഞ്ച്വറി നേടിയിരുന്നു. ഈ മത്സരത്തിൽ ബൗൾ ചെയ്ത ആശ ഒരു വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആശയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.
മലയാളി സാന്നിദ്ധ്യം
ഭാഗ്യം കൊണ്ടുവരുമോ ?
ഇന്ത്യൻ പുരുഷ ടീം ഏകദിനത്തിലും ട്വന്റി-20യിലുമായി നാലുതവണ കിരീടം നേടിയപ്പോഴും സ്ക്വാഡിൽ ഒരു മലയാളിയെങ്കിലുമുണ്ടായിരുന്നു. ഏകദിനത്തിലായാലും ട്വന്റി-20യിലായാലും വനിതാ ലോകകപ്പിൽ മലയാളി സാന്നിദ്ധ്യമുണ്ടാകുന്നത് ഇതാദ്യമാണ്. അതും ഒന്നല്ല,രണ്ട്. ആശയും സജനയും. ഇവരുടെ സാന്നിദ്ധ്യം കിരീട സൗഭാഗ്യം കൊണ്ടുവരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഇന്ത്യൻ ടീം ഇവരിൽ നിന്ന്
ഹർമ്മൻപ്രീത് കൗർ (ക്യാപ്ടൻ),സ്മൃതി മന്ദാന,ജെമീമ റോഡ്രിഗസ്,ഷഫാലി വെർമ്മ,ഡി.ഹേമലത,യസ്തിക ഭാട്യ,റിച്ച ഘോഷ്,സജന സജീവൻ, ദീപ്തി ശർമ്മ,ആശ ശോഭന,ശ്രേയാങ്ക പാട്ടീൽ,രാധാ യാദവ്,അരുന്ധതി റെഡ്ഡി,രേണുക സിംഗ്,പൂജ വസ്ത്രകാർ.
കോച്ച് : അമോൽ മസുംദാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |