സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് സമരം മാറ്റിവച്ചു
തിരുവനന്തപുരം : ലയണല്‍ മെസിയെ കേരളത്തിലെത്തിച്ചാല്‍ തങ്ങളുടെ പട്ടിണി മാറുമോ എന്ന ചോദ്യവുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച കായിക താരങ്ങളെ അനുനയിപ്പിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍.
കഴിഞ്ഞ ജൂണ്‍ മുതല്‍ കൗണ്‍സിലിന് കീഴിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള തുക കുടിശികയാണ്. ദേശീയ മത്സരങ്ങള്‍ക്ക് ടീമുകളെ അയച്ച വകയില്‍ കായിക അസോസിയേഷനുകള്‍ക്കും തുക നല്‍കിയിട്ടില്ല. വര്‍ഷാവര്‍ഷം നല്‍കേണ്ട സ്പോര്‍ട്സ് കിറ്റുംനല്‍കിയിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ കേരള കൗമുദി സെപ്തംബറില്‍ പ്രസിദ്ധീകരിച്ച പരമ്പരയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഈവര്‍ഷമാദ്യം വാങ്ങിവച്ചിരുന്ന കുറച്ചുകിറ്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഭക്ഷണക്കുടിശിക നല്‍കാത്തതിനാല്‍ ഹോസ്റ്റലുകളില്‍ പേരിനുമാത്രമുള്ള ഭക്ഷണമാണ് വിതരണം ചെയ്തിരുന്നത്.
മെസിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മന്ത്രി തങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നില്ലെന്ന പരാതിയുമായാണ് കായിക താരങ്ങള്‍ വെള്ളിയാഴ്ചമുതല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ 15 ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി സമരം മാറ്റിവയ്പ്പിക്കുകയായിരുന്നു.
ശമ്പളമില്ലാതെ താത്കാലിക ജീവനക്കാര്‍
സ്പോര്‍ട്സ് കൗണ്‍സിലിലെ താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് മാസം മൂന്നായി. ഹോസ്റ്റലുകളിലെ കുക്കും വാച്ചറും വാര്‍ഡനുമൊക്കെ ശമ്പളം കിട്ടാത്തവരില്‍ പെടുന്നു.പലരും ജോലി ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകാനൊരുങ്ങുകയാണ്. ഇത് ഹോസ്റ്റലുകളിലെ കുട്ടികളെയും ബാധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |