തോൽപ്പെട്ടി : കൂട്ടം തെറ്റി ജനവാസമേഖലയിൽ ഇറങ്ങിയശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റിയ കാട്ടാനക്കുട്ടി വീണ്ടും ജനവാസമേഖലയിൽ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തിരുനെല്ലി പഞ്ചായത്തിലെ എടയൂർകുന്ന് മേഖലയിൽ കാട്ടാനക്കുട്ടിയെ പരിക്കുകളോടെ കണ്ടെത്തിയത്. ചികിത്സ നൽകിയശേഷം വൈകിട്ടോടെ കാട്ടാനക്കുട്ടിയെ കാടുകയറ്റി. എന്നാൽ തിങ്കളാഴ്ച രാവിലെ കുട്ടിയാന വീണ്ടും നാട്ടിൽ എത്തുകയായിരുന്നു.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ട കാട്ടാനക്കുട്ടിയെ വനപാലക സംഘം പിടികൂടി മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റി. ആനക്കുട്ടിയെ പേരിന് ചികിത്സ നൽകി കാട്ടിലേക്ക് വിട്ട നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് കാട്ടാനക്കുട്ടി കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി വന്നത്. അമ്മയാനയെ കണ്ടെത്താനും കഴിഞ്ഞില്ല. മറ്റ് ആനകൾ കുട്ടിയാനയെ കൂട്ടത്തിൽ കൂട്ടുന്നുമില്ല. മനുഷ്യ സ്പർശം ഏറ്റതിനാൽ ആനക്കുട്ടിയെ ഒപ്പം കൂട്ടാൻ ആനക്കൂട്ടം മടിക്കാറുണ്ട്. വീണ്ടും നാട്ടിലെത്തിയ കുട്ടിയാനയെ മാനന്തവാടി റാപ്പിഡ് റെസ്‌പോൺസ് ടീമും വയനാട് വെറ്ററിനറി സംഘവും ചേർന്നാണ് മുത്തങ്ങയിൽ എത്തിച്ചത്. കാട്ടാനക്കൂട്ടത്തിൽ ചേരാൻ കഴിയാത്തതിനെ തുടർന്നാണ് വീണ്ടും ജനവാസമേഖലയിൽ എത്തിയത് എന്നാണ് നിഗമനം. ആറുമാസം പ്രായമായ കുട്ടിയാനയെ വെറ്ററിനറി സംഘം പരിശോധിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ആനയ്ക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞു. ആനക്കുട്ടിയെ എന്തുചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നോർത്ത് വയനാട് ഡി.ഫ്.ഒ മാർട്ടിൻലോവൽ നടപടികൾക്ക് നേതൃത്വം നൽകി.
കുട്ടിയാനയ്ക്ക് ചികിത്സ തുടങ്ങി
സുൽത്താൻ ബത്തേരി: മാനന്തവാടി കാട്ടിക്കുളം എടയൂർകുന്നിലെ ജനവാസകേന്ദ്രത്തിൽ പരിക്കേറ്റ് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാനയെ മുത്തങ്ങയിൽ എത്തിച്ച് വനം വകുപ്പ് ചികിത്സ ആരംഭിച്ചു. ഇവിടെനേരത്തെ ഉണ്ടായിരുന്ന പന്തി കുട്ടിയാനയ്ക്ക് പാകത്തിൽ സജ്ജമാക്കിയാണ് ചികിത്സ തുടങ്ങിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ചികിത്സ. ഭക്ഷണവും വെള്ളവും കുട്ടിയാന കഴിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയ്ക്കുശേഷം തുടർനടപടികൾ ആലോചിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |