തിരുവനന്തപുരം: ശബരിമലയിലെ വികസനത്തിന് മേൽനോട്ടം വഹിക്കാനും തീർത്ഥാടന പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി ശബരിമല വികസന അതോറിട്ടി രൂപീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ അറിയിച്ചു. മുഖ്യമന്ത്രിയാണ് അദ്ധ്യക്ഷൻ. ദേവസ്വം മന്ത്രി ഉപാദ്ധ്യക്ഷൻ. ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളുമാവും.
ശബരിമല റോപ് വേ നിർമ്മാണത്തിനും നടത്തിപ്പിനും സ്വകാര്യ കമ്പനിക്ക് കരാർ നൽകിയെന്നും
കെ.യു.ജനീഷ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. 2050 വരെയുള്ള വികസന ആവശ്യങ്ങൾ മുന്നിൽക്കണ്ട് മാസ്റ്റർപ്ലാനും തയ്യാറാക്കുന്നു. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേ ഔട്ട് പ്ലാൻ. മകരവിളക്ക് സുഗമമായി കാണാനും തിരക്കൊഴിവാക്കാനും രണ്ട് ഓപ്പൺ പ്ലാസകളുണ്ടാവും.
വാഹനഗതാഗതം, കാൽനട എന്നിവ വേർതിരിക്കാൻ പെരിഫറൽ റിംഗ് റോഡുണ്ടാകും. തിരക്കു കുറയ്ക്കാൻ നിരവധി എക്സിറ്റ് റൂട്ടുകളുമുണ്ടാവും. സന്നിധാനത്തിന്റെ വികസനത്തിന് 2027വരെയുള്ള ആദ്യഘട്ടത്തിൽ 600.47 കോടി, 2033വരെയുള്ള രണ്ടാം ഘട്ടത്തിൽ 100.02 കോടി, 2039വരെയുള്ള മൂന്നാംഘട്ടത്തിൽ 77.68കോടി വീതം ചെലവിടും.
എമർജൻസി പാത, ട്രക്ക് റൂട്ട്
പമ്പയെ ശബരിമല തീർത്ഥാടനത്തിനുള്ള ട്രാൻസിറ്റ് ക്യാമ്പാക്കും. സന്നിധാനത്തേക്കും തിരിച്ചും പ്രത്യേക സർക്കുലേഷൻ റൂട്ടും ലേ ഔട്ട് പ്ലാനിൽ
പമ്പ മണൽപുറം, ഹിൽടോപ്പ്, ത്രിവേണി പാലം എന്നിവിടങ്ങളിൽ നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിന്റെ പൂർണ്ണമായ കാഴ്ച ലഭിക്കാൻ കെട്ടിടങ്ങളുടെ ഉയരം പരിമിതപ്പെടുത്തും
കാനനപാതയിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് വിശ്രമസങ്കേതങ്ങളടക്കം ഉൾപ്പെടുത്തി ട്രക്ക് റൂട്ട്. എമർജൻസി വാഹന പാത.
പുതിയ നിർമ്മാണം, ചെലവ്
(തുക കോടിയിൽ)
പമ്പാ നദിക്ക് കുറുകെ സുരക്ഷാപാലം- 31.9
നിലയ്ക്കൽ ഇടത്താവളം കോർ ഏരിയ വികസനം- 28.40
കുന്നാർ- സന്നിധാനം കുടിവെള്ള പൈപ്പ് ലൈൻ- 9.94
നിലയ്ക്കൽ ഇടത്താവളത്തിൽ റോഡ്, പാലം നിർമ്മാണം- 145
സന്നിധാനത്ത് തന്ത്രിമഠം, പ്രസാദ നിർമ്മാണ-വിതരണ സമുച്ചയം- 96
സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങൾ- 3.75
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |