വാഷിംഗ്ടൺ : ഗ്രീൻ കാർഡ് ലഭിച്ചതു കൊണ്ടുമാത്രം കുടിയേറ്റക്കാർക്ക് ജീവിതകാലം മുഴുവൻ യു.എസിൽ താമസിക്കാമെന്ന് കരുതേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. യു.എസിൽ സ്ഥിരതാമസത്തിനുള്ള അനുമതി രേഖയാണ് ഗ്രീൻ കാർഡെങ്കിലും ആജീവാനന്ത സുരക്ഷ ഗ്രീൻ കാർഡ് ഉറപ്പുനൽകുന്നില്ലെന്ന് ജെ.ഡി, വാൻസ് വ്യക്തമാക്കി.
രാജ്യത്ത് ഒരാൾ വേണ്ടെന്ന് പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാൽ പിന്നെ അയാൾക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല, രാജ്യത്ത് ആരെയൊക്കെ ചേർക്കണമെന്ന് തീരുമാനിക്കുന്നത് യു.എസിലെ ജനങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാൾ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും വാൻസ് കൂട്ടിച്ചേർത്തു.
ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ പാലസ്തീനെ അനുകൂലിച്ച് കൊളംബിയ സർവകലാശാലയിൽ നടന്ന പ്രകടനത്തെ തുടർന്ന് ഗ്രീൻ കാർഡ് ഹോൾഡറായ മഹ്മൂദ് ഖലീൽ അറസ്റ്രിലായിരുന്നു,
ഇയാളുടെ ഗ്രീൻകാർഡ് റദ്ദാക്കുന്നതിനുള്ള നടപടികൾ യു.എസ് തുടരുന്നതിനിടെയാണ് വാൻസിന്റെ പ്രസ്താവന. ന്യൂയോർക്കിൽ നിന്ന് അറസ്റ്രിലായ ഖലീൽ ഇപ്പോൾ ലൂസിയാനയിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. 1952ൽ പാസാക്കിയ അമേരിക്കൻ ഇമിഗ്രേഷൻ ആക്ട് അനുസരിച്ച് ഏതെങ്കിലും കുടിയേറ്റക്കാരുടെ സാന്നിദ്ധ്യം രാജ്യത്തിന്റെ വിദേശനയത്തിന് പ്രതികൂലമാകുന്നുണ്ടെങ്കിൽ ഇവരെ നാടുകടത്താൻ സ്റ്റേറ്റ് സെക്രട്ടറിക്ക് അവകാശമുണ്ട്. എന്നാൽ ഈ വ്യവസ്ഥ വളരെ അപൂർവ്വം സാഹചര്യങ്ങളിൽ മാത്രമേ പ്രയോഗിക്കാറുള്ളൂ എന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |