വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതർക്കെതിരെയുള്ള യു.എസ് സൈനിക നടപടികൾ ചർച്ച ചെയ്യാനുള്ള സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ വിവാദം പുകയുന്നു. സൈനിക ഓപ്പറേഷൻ സംബന്ധിച്ച് ഗ്രൂപ്പിൽ മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ കൈമാറിയ സന്ദേശങ്ങളുടെ പൂർണ രൂപം ദ അറ്റ്ലാന്റിക് മാഗസിൻ ഇന്നലെ പുറത്തുവിട്ടു.
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ് തന്നെ ഗ്രൂപ്പിൽ അബദ്ധത്തിൽ ചേർത്തെന്ന് അറ്റ്ലാന്റികിന്റെ എഡിറ്റർ-ഇൻ-ചീഫ് ജെഫ്രി ഗോൾഡ്‌ബെർഗ് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് തുടങ്ങിയ ഉന്നതർ ഗ്രൂപ്പിൽ ചർച്ച നടത്തിരുന്നു.
രഹസ്യ സ്വഭാവമുള്ളതിനാൽ സന്ദേശങ്ങളെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നായിരുന്നു അറ്റ്‌ലാന്റികിന്റെ നിലപാട്. ഗ്രൂപ്പിൽ നിന്ന് താൻ സ്വയം പുറത്തുപോയെന്നും ജെഫ്രി അറിയിച്ചിരുന്നു. എന്നാൽ, ജെഫ്രി കള്ളം പറയുകയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചതോടെ സന്ദേശങ്ങൾ പൂർണമായും പുറത്തുവിടുകയായിരുന്നു.
ഈ മാസം യെമനിൽ ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ യു.എസ് വ്യോമാക്രമണങ്ങളുടെ വിവരങ്ങളാണ് സന്ദേശങ്ങളിൽ. ആക്രമണത്തെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഹെഗ്‌സേത്ത് പങ്കുവയ്ക്കുന്നത് പുറത്തുവിട്ട സന്ദേശങ്ങളിൽ കാണാം. ആക്രമണത്തിന്റെ സമയം, ലക്ഷ്യം, നിഗമനങ്ങൾ എന്നിവ ഹെഗ്‌സേത്ത് പറയുന്നുണ്ട്.
അതേ സമയം, ജെഫ്രിയെ 'ട്രംപ്-വിരോധി" എന്ന് വിശേഷിപ്പിച്ച വൈറ്റ് ഹൗസ്, സന്ദേശങ്ങൾ രഹസ്യ സ്വഭാവമുള്ളതല്ലെന്ന് പ്രതികരിച്ചു. അതേ സമയം, സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മൈക്കൽ വാൾട്ട്സ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |