നിര്‍മ്മാണ ചെലവ് 27,400 കോടി
ചെന്നൈ: മെട്രോ നഗരമായ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പരന്തൂരില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര വ്യോമ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി. പ്രദേശത്ത് വിമാനത്താവളത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമ്പോഴാണിത്. പുതിയ വിമാനത്താവളത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. 27,400 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ചെന്നൈ- ബംഗളൂരു പാതയില്‍ ശ്രീപെരുംപുത്തൂരിനും കാഞ്ചീപുരത്തിനും ഇടയിലായാണ് പരന്തൂര്‍. 2024ല്‍ സ്ഥല അനുമതി (സൈറ്റ് ക്ലിയറന്‍സ്) ലഭിച്ച പദ്ധതിക്ക് അന്തിമാനുമതിക്കായി തമിഴ്‌നാട് ഇന്‍ഡസ്ട്രിയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (ടിഡ്കോ) സമര്‍പ്പിച്ച അപേക്ഷ വിശദ പരിശോധനകള്‍ക്കുശേഷം വ്യോമയാന മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലൂടെയാണ് നിര്‍മ്മാണം.
2026 ജനുവരിയില്‍ ആരംഭിച്ച് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ നാല് സ്ഥലങ്ങളില്‍ നിന്നാണ് വ്യോമയാന മന്ത്രാലയം പരന്തൂരിനെ തിരഞ്ഞെടുത്തത്. പുതിയ വിമാനത്താവളത്തിനൊപ്പം നിലവിലുള്ള വിമാനത്താവളവും പ്രവര്‍ത്തിക്കും. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള മാര്‍ഗരേഖയ്ക്ക് അനുസൃതമായാണ് നിര്‍മ്മാണം. ചെന്നൈ-ശ്രീപെരുമ്പത്തൂരിലെ ഗതാഗതകുരുക്കിന് പരിഹാരമായി ചെന്നൈയില്‍ നിന്ന് പരന്തൂരിലേക്ക് മെട്രോ ദീര്‍ഘിപ്പിക്കും.
വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം ......... 2,172.72 ഹെക്ടര്‍
ആദ്യ ഘട്ടത്തിന്റെ ചെലവ് ......................................... 11,445 കോടി രൂപ
റണ്‍വേ ........................................................................ 2
ഒന്നാം ഘട്ട ടെര്‍മിനലിന്റെ വിസ്തീര്‍ണം ............................... 3.51 ലക്ഷം ച. മീറ്റര്‍
ദൂരം ചെന്നൈ സെന്‍ട്രലില്‍ നിന്ന് .............................................. 70 കി.മീറ്റര്‍
മീനമ്പാക്കം വിമാനത്താവളത്തില്‍ നിന്ന് ...................... 65 കി. മീറ്റര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തോടുള്ള പദ്ധതികളിലൊന്നാണിത്. പ്രത്യേകിച്ച് ഡല്‍ഹി, മുംബയ്, ചെന്നൈ പോലുള്ള മെഗാ നഗരങ്ങളില്‍, പുതിയ വിമാനത്താവളത്തിലൂടെ വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം പരിഹരിക്കപ്പെടും. കൂടാതെ തമിഴ്‌നാടിന്റെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. - കെ. റാം മോഹന്‍ നായിഡു, കേന്ദ്ര വ്യോമയാന മന്ത്രി
വിജയ് പിന്തുണ നല്‍കിയ സമരം
പദ്ധതിക്കെതിരെ പ്രദേശവാസികള്‍ ആരംഭിച്ച സമരം ആയിരം ദിവസം പിന്നിടുകയാണ്. വിമാനത്താവളത്തിനായി 13 ഗ്രാമം പൂര്‍ണമായി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. നഷ്ടപരിഹാരം ലഭിച്ചാലും എങ്ങോട്ടു പോകുമെന്നും എങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ടി.വി.കെ നേതാവ് നടന്‍ വിജയ് അടക്കമുള്ളവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |