ന്യൂഡൽഹി : ജുഡിഷ്യറിക്കെതിരെയുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ രൂക്ഷപരാമർശങ്ങൾ സുപ്രീംകോടതിയിൽ ഉന്നയിക്കാൻ മുതിർന്ന അഭിഭാഷകർ തയ്യാറെടുക്കുന്നതായി സൂചന. തിങ്കളാഴ്ച കപിൽ സിബൽ, അഭിഷേക് മനു സിംഗ്‌വി, പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കും. ജഡ്‌ജിമാർ സൂപ്പർ പാർലമെന്റ് ചമയുകയാണെന്നും ഭരണഘടനയിലെ 142-ാം അനുച്ഛേദം ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ധൻകർ വിമർശിച്ചിരുന്നു. സമ്പൂർണ നീതി നടപ്പാക്കലിന് ഭരണഘടന സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരമാണ് അനുച്ഛേദം 142. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പരാമർശങ്ങൾ.
ഇതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ കപിൽ സിബൽ രംഗത്തെത്തിയിരുന്നു. ഉപരാഷ്ട്രപതിയുടെ നിലപാട് വേദനാജനകവും ഞെട്ടിക്കുന്നതുമാണ്. ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരേയൊരു സ്ഥാപനമാണ് രാജ്യത്തുള്ളത്. അത് ജുഡിഷ്യറിയാണ്. രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയപ്പോഴും ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രനടപടി അംഗീകരിച്ചപ്പോഴും സുപ്രീംകോടതിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. പ്രതികൂല വിധികളുണ്ടാകുമ്പോൾ കുറ്റപ്പെടുത്തലുമായി ഇറങ്ങുമെന്നും സിബൽ ചൂണ്ടിക്കാട്ടി.
തമിഴ്നാട് ഗവർണറുമായി കൂടിക്കാഴ്ച നടത്തി ഉപരാഷ്ട്രപതി
തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഇന്നലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചു. തമിഴ്നാട് സർക്കാർ നൽകിയ കേസിൽ സുപ്രീംകോടതിയിൽ നിന്ന് വൻതിരിച്ചടി ലഭിച്ചതിനു പിന്നാലെയാണ് ഗവർണറുടെ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി സമർപ്പിച്ചേക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |