കൊച്ചി: മേയിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി ) വരുമാനം 2.01 ലക്ഷം കോടി രൂപ കടന്നു. ഏപ്രിലിൽ എക്കാലത്തെയും റെക്കാഡായ 2.37 ലക്ഷം കോടി രൂപയിലെത്തിയതിന് പിന്നാലെയാണിതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2024 മേയിൽ ജി.എസ്.ടി വരുമാനമായി സമാഹരിച്ചത് 1,72,739 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞമാസത്തെ മൊത്തം റീഫണ്ടുകൾ 4 ശതമാനം കുറഞ്ഞ് 27,210 കോടി രൂപയായി.
മേയിൽ ആഭ്യന്തര ഇടപാടിൽ നിന്നുള്ള വരുമാനം 13.7 ശതമാനം വർദ്ധിച്ച് 1.50 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽ നിന്ന് 25.2 ശതമാനം വർദ്ധിച്ച് 51,266 കോടി രൂപയായി. അതേസമയം, സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാന വർദ്ധനശതമാനത്തിൽ വലിയ അന്തരമാണ് ഉള്ളത്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ 17 ശതമാനം മുതൽ 25 ശതമാനം വരെ വർദ്ധനവ് ഉണ്ടായപ്പോൾ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ 6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ശരാശരി 10 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ജി.എസ്.ടി വരുമാനം 24 ശതമാനം വർദ്ധിച്ച് 3210 കോടി രൂപയായി. കഴിഞ്ഞ വർഷം മേയിൽ ഇത് 2594 കോടി രൂപയായിരുന്നു.
മേയിലെ ജി.എസ്.ടി വരുമാനം
ആഭ്യന്തര ഇടപാടുകളിൽ നിന്ന് - 1.50 ലക്ഷം കോടി രൂപ
ഇറക്കുമതിയിൽ നിന്ന്- 51,266 കോടി രൂപ
കേന്ദ്ര ജി.എസ്.ടിയിൽ നിന്ന് - 35,434 കോടി രൂപ
സംസ്ഥാന ജി.എസ്.ടിയിൽ നിന്ന് - 43,902 കോടി രൂപ
സംയോജിത ജിഎസ്ടിയിൽ നിന്ന്- 1.74 ലക്ഷം കോടി രൂപ
സെസ്സിൽ നിന്ന് - 12,879 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |