കണ്ണൂർ: ഒരമ്മയ്ക്ക് 10 മക്കൾ. ഒൻപതുപേരും വിദ്യാലയത്തിലേക്ക്. പ്ളസ്ടുക്കാരി മുതൽ അങ്കണവാടി കുരുന്നു വരെ. യൂണിഫോമണിഞ്ഞ് ഒന്നിച്ച് വീട്ടിൽ നിന്നിറങ്ങും. വഴിപിരിഞ്ഞ് പള്ളിക്കൂടങ്ങളിലേക്ക്. വൈകിട്ട് തിരിച്ചെത്തുന്നതോടെ കൊട്ടിയൂർ തലക്കാണിയിലെ കെയ്റോസ് വീട്ടിൽ വീണ്ടും കലപില മേളം.
പോടൂർ സന്തോഷും (44) രമ്യ(37)യുമാണ് മാതാപിതാക്കൾ. എട്ടു പെണ്ണും രണ്ട് ആണും. ഇളയതിന് മൂന്നുമാസം പ്രായമേയുള്ളൂ. കണ്ണൂരിലെ പ്രമുഖ സ്ഥാപനമായ കെയ്റോസ് റൂഫ് ആൻഡ് സെറാമിക്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമയാണ് സന്തോഷ്.
മൂത്തകുട്ടി ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ.ജെ.എം സ്‌കൂളിൽ പ്ളസ്ടുവിലായി. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും ഇവിടെത്തന്നെ പത്തിലും എട്ടിലുമാണ്. നാലാമത്തെ കുട്ടി അസിൻ തെരേസ് ആറിൽ. അഞ്ചാമൻ ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടിലും. ഏഴാമത്തെയാൾ കാതറിൻ ജോക്കിമ തലക്കാണി ഗവ.യു.പി സ്‌കൂളിൽ യു.കെ.ജിക്കാരി. എട്ടാമത്തെയും ഒൻപതാമത്തെയും മക്കൾ ഇരട്ടകളാണ്. മൂന്നര വയസുള്ള ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും. പഠിക്കുന്നത് വീടിനടുത്തുള്ള അങ്കണവാടിയിൽ.
ജൂൺ പിറന്നാൽ വീട്ടിലെ അടുക്കള രാവിലെ അഞ്ചിന് ഉണരും. രമ്യയും കുട്ടികളുടെ മുത്തശ്ശി ഏലിക്കുട്ടിയും പാചകത്തിലേക്ക് കടക്കും. സഹായത്തിന് ഛത്തീസ്ഗഡുകാരി അഞ്ജിതയുണ്ട്. കുട്ടികളുടെ ആയയും അഞ്ജിതയാണ്. ഏഴുമണിയോടെ പ്രാതലും 9 ടിഫിൻ ബോക്സുകളിൽ ഉച്ചഭക്ഷണവും റെഡി. പിന്നെ കുട്ടികളെ ഒരുക്കലാണ്. ഇളയ കുട്ടികളുടെ പുസ്തകങ്ങളും ബാഗും ഒരുക്കാൻ മൂത്തവർ സഹായിക്കും. എട്ടരയോടെ സ്കൂൾ ബസ് വരും. അങ്കണവാടിയിലെ കുട്ടികളെ അഞ്ജിത കൊണ്ടുചെന്നാക്കും.
ദൈവം തരുന്നമക്കളല്ലോ...
ആദ്യ മൂന്നു പ്രസവം നോർമ്മലായിരുന്നു. പിന്നെയങ്ങോട്ട് സിസേറിയൻ വേണ്ടിവന്നു. ഇത്രയും മക്കളോ എന്ന് നെറ്റിചുളിക്കുന്നവരോട് പുഞ്ചിരിയോടെ ദമ്പതിമാർ പറയും, ദൈവത്തിന്റെ വരദാനങ്ങളെ വേണ്ടെന്നുവയ്ക്കുന്നത് പാപമാണ്. മക്കൾ കൂടുന്നതനുസരിച്ച് ഞങ്ങളുടെ ബിസിനസും അഭിവൃദ്ധിപ്പെട്ടു. ഇവരെ വളർത്താൻ ഒരു അല്ലലുമില്ല. സന്തോഷിന് നാല് സഹോദരങ്ങളുണ്ട്. രമ്യയുടെ സഹോദരന് മക്കൾ അഞ്ചാണ്.
എല്ലാവരും ഒരുമിച്ച് ഒരുങ്ങിയിറങ്ങി പോകുന്നത് കാണുന്നത് മനസു നിറയ്ക്കും സന്തോഷമാണ്
സന്തോഷ്, രമ്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |