കൊച്ചി: ഇന്ത്യയിലെ ബാങ്കുകൾ ഏറ്റെടുക്കാൻ വിദേശ ഗ്രൂപ്പുകൾ സജീവമായി രംഗത്തെത്തിയതോടെ ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങളിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് ആലോചിക്കുന്നു.അതിവേഗം വളരുന്ന ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ മൂലധനം ഉറപ്പാക്കാനും വിദേശ നിക്ഷേപ ഒഴുക്ക് വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് വിദേശ ഗ്രൂപ്പുകളുടെ ഇന്ത്യൻ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം ഗണ്യമായി ഉയർത്തുന്നത്. ഇതോടെ ഇന്ത്യൻ ബാങ്കുകളെ ഏറ്റെടുക്കാനും ലയിപ്പിക്കാനും വിദേശ സ്ഥാപനങ്ങൾക്ക് കഴിയും.
രാജ്യത്തെ മുൻനിര പുതുതലമുറ ബാങ്കായ യെസ് ബാങ്കിൽ ജപ്പാനിലെ സുമിട്ടോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷന് 20 ശതമാനം ഓഹരി പങ്കാളിത്തം നേടാവുന്ന തരത്തിൽ നിയമങ്ങളിൽ റിസർവ് ബട്ടങ്ക് ഇളവ് വരുത്തിയിരുന്നു. ഇതോടൊപ്പം ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന് നിലവിൽ ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുക്കാൻ രണ്ട് പ്രമുഖ വിദേശ ധനകാര്യ ഫണ്ടുകൾ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം വിദേശ ഓഹരി പങ്കാളിത്തത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഇന്ത്യയിലെ നിയമങ്ങളാണ് നിക്ഷേപം ആകർഷിക്കുന്നതിന് വലിയ തടസമാകുന്നത്.
സാമ്പത്തിക മേഖലയിലുണ്ടാകുന്ന കുതിച്ചുചാട്ടം കണക്കിലെടുത്ത് ബാങ്കുകളുടെ ഉടമസ്ഥത നിയന്ത്രണങ്ങളും ലൈസൻസിംഗ് നയങ്ങളും പുനപരിശോധിക്കാൻ ആലോചിക്കുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആഗോള തലത്തിലെ വലിയ ധനകാര്യ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ബാങ്കുകളിൽ ഭൂരിപക്ഷ ഓഹരികൾ കൈവശം വയ്ക്കുന്നതിന് അനുവാദം നൽകാനാണ് ആലോചനയെന്ന് റിസർവ് ബാങ്കിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഓരോ ഇടപാടുകളും പ്രത്യേക കേസായി പരിഗണിച്ചാകും ഇക്കാര്യം തീരുമാനിക്കുക. പുതിയ വിപണി സാഹചര്യത്തിൽ വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും മികച്ച വളർച്ച നേടുന്നതിന് ബാങ്കുകൾക്ക് ഉയർന്ന മൂലധന അടിത്തറയും മെച്ചപ്പെട്ട സാങ്കേതികവിദ്യയും അനിവാര്യമാണ്. രാജ്യത്തെ ചെറുകിട ബാങ്കുകൾ പലതും മൂലധന പ്രതിസന്ധി മൂലം തിരിച്ചടി നേരിടുകയാണ്.
റിസർവ് ബാങ്ക് വിദേശ ഓഹരി പങ്കാളിത്ത നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഫെഡറൽ ബാങ്ക്, ധനലക്ഷ്‌മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക് എന്നിവയ്ക്ക് വിപുലമായ സാദ്ധ്യതകൾ തുറന്നിടുമെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |