തിരുവനന്തപുരം: മാല മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ ദളിത് യുവതി ആർ. ബിന്ദുവിനെ (39) പേരൂർക്കട സ്റ്റേഷനിൽ 21 മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്.ഐ എസ്. ജി. പ്രസാദ്, ഗ്രേഡ് എ.എസ്.ഐ പ്രസന്നകുമാർ എന്നിവരെ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
ദളിത് യുവതിയെ അനധികൃതമായി കസ്റ്റഡിയിൽ വച്ചതിനാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സ്റ്റേഷനിലെ എല്ലാ പൊലീസുകാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മയക്കുമരുന്ന് കേസിലെ ഒരു പ്രതി അന്ന് രാത്രി സെല്ലിലുണ്ടായിരുന്നു. ഇയാളുടെയും മൊഴിയെടുക്കും. ബിന്ദുവിനെ സെല്ലിന് മുന്നിലും സ്റ്റേഷൻ ഹാളിലും പേപ്പർ വിരിച്ച് തറയിലിരുത്തിയെന്നും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രപ്പുരയിലെ ബക്കറ്റിൽ നിന്നെടുത്ത് കുടിക്കാൻ പൊലീസുകാർ പറഞ്ഞെന്നുമാണ് പരാതി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 7നകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് ദക്ഷിണമേഖലാ ഐ.ജി എസ്. ശ്യാംസുന്ദറിന്റെ നിർദ്ദേശം. ബിന്ദുവിനെതിരേ വ്യാജ മോഷണ പരാതിയുണ്ടാവാനുള്ള സാഹചര്യം, സ്റ്റേഷനിൽ നേരിട്ട പീഡനങ്ങൾ, പൊലീസ് നടപടികളിലെ വീഴ്ചകൾ എന്നിവയും അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |