ചങ്ങനാശേരി: ശങ്ക തോന്നിയാൽ ചുറ്റിപോകുകയേയുള്ളൂ. ചങ്ങനാശേരി നഗരത്തിലെത്തുന്നവരുടെ ദുരവസ്ഥയാണിത്. സ്ത്രീകൾ, വിദ്യാർത്ഥികൾ തുടങ്ങി എത്രയാളുകളാണ് നെട്ടോട്ടമോടുന്നത്. യാത്രക്കാരുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനായി നഗരത്തിൽ ഇടമില്ല. നഗരസഭയുടെ കംഫർട്ട് സ്‌റ്റേഷനുകളും ടേക്ക് എ ബ്രേക്കും പ്രവർത്തനരഹിതമാണ്. പിന്നെ ഇതൊക്കെ ആർക്കുവേണ്ടി എന്ന ചോദ്യവും യാത്രക്കാർ ഉയർത്തുന്നു. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റി. പെരുന്ന സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് എന്നേ പൂട്ടുവീണു. വാഴൂർ ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യം പ്രദേശമാകെ പരന്നൊഴുകുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ പൊതുജനം സ്വകാര്യ ഹോട്ടലുകളെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കണം.
ഉദ്ഘാടനം, പിന്നെ തിരിഞ്ഞുനോക്കിയില്ല
അടുത്തകാലത്താണ് പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡിൽ വഴിയിടം പദ്ധതിയിൽ ഉൾപ്പെടുത്തി ടേക്ക് എ ബ്രേക്ക് സ്ഥാപിച്ചത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനരഹിതമായി. മുൻപ് മാലിന്യങ്ങൾ കൂടിക്കിടന്നിരുന്ന പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഭിന്നശേഷി സൗഹൃദം, പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ, മുലയൂട്ടൽ മുറി, വിശ്രമുറി, ചാർജിംഗ് പോയിന്റുകൾ എന്നിങ്ങനെ സൗകര്യങ്ങൾ. ജനുവരിയിൽ ഉദ്ഘാടനം ചെയ്‌തെങ്കിലും നിർമ്മാണത്തിലെ അപാകത മൂലം ടോയ്‌ലെറ്റ് മാലിന്യം പുറത്തേയ്ക്ക് ഒഴുകിയതോടെ പൂട്ടി.
ടേക്ക് എ ബ്രേക്ക് പദ്ധതി നിർമ്മാണ ചെലവ്
45 ലക്ഷം (മുൻ എം.എൽ.എ സി.എഫ് തോമസിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും: 35 ലക്ഷം നഗരസഭയുടെ 10 ലക്ഷം)
പ്രതിഷേധിച്ചു
യൂത്ത് കോൺഗ്രസ് ടൗൺ ഈസ്റ്റ് മണ്ഡലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്ന ബസ് സ്റ്റാൻഡിൽ പ്രതിഷേധസദസും നടത്തി. കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് സിയാദ് അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് റൗഫ് റഹീം അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |