എ.എഫ്.സി കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി
ഹോംഗ് കോംഗ് ജയിച്ചത് ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെ
1-0
കൗലൂൺ : എ.എഫ്.സി കപ്പ് ഫുട്ബാൾ യോഗ്യതയുടെ മൂന്നാം റൗണ്ടിൽ ഹോംഗ് കോംഗിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം തോൽവി വഴങ്ങി ഇന്ത്യ. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിൽ സ്റ്റെഫാൻ പെരേര പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് പ്രഹരമായി മാറിയത്. മൂന്നാം റൗണ്ടിലെ ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇതുവരെയും വിജയം നേടാൻ കഴിയാത്ത ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനോട് ഇന്ത്യ ഗോൾരഹിത സമനിലയിലാണ് പിരിഞ്ഞത്.
ഹോംഗ് കോംഗിലെ കൗലൂൺ നഗരത്തിലെ കൈ താക് സ്റ്റേഡിയം ആതിഥ്യം വഹിച്ച ആദ്യ അന്താരാഷ്ട്ര ഫുട്ബാൾ മത്സരമായിരുന്നു ഇത്. ആദ്യ ഇലവനിൽ നായകൻ സുനിൽ ഛെത്രിയെക്കൂടാതെ ഇറങ്ങിയ ഇന്ത്യ രണ്ടാം പകുതിയിൽ ഛെത്രിയെ ഇറക്കിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമണങ്ങൾ സൃഷ്ടിച്ചെങ്കിലും സ്കോർ ബോർഡ് തുറക്കാനായില്ല.
9-ാം മിനിട്ടിൽ ബ്രാന്റൺ ഫെർണാണ്ടസ് എടുത്ത ഒരു കോർണർ കിക്കിൽ നിന്നുള്ള അൻവർ അലിയുടെ ശ്രമം ഹോംഗ്കോംഗ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചുപോയി.18-ാം മിനിട്ടിൽ വീണ്ടുമൊരു കോർണർ കിക്കുകൂടി ബ്രാന്റൺ തൊടുത്തെങ്കിലും ഹെഡ് ചെയ്യാൻ ആരുമുണ്ടായില്ല.26-ാം മിനിട്ടിലെ ലിസ്റ്റൺ കൊളാക്കോയുടെ ഷോട്ട് ഹോംഗ്കോംഗ് ഗോളി തടുത്തു.35-ാം മിനിട്ടിൽ മലയാളിതാരം ആഷിഖ് കുരുണിയനും കിട്ടി ഒരു നല്ല ചാൻസ്. എന്നാൽ ബ്രാന്റണിന്റെ പാസ് ആഷിഖ് പുറത്തേക്കടിച്ചുകളയുകയായിരുന്നു. 41-ാം മിനിട്ടിൽ ആതിഥേയരുടെ ഭാഗത്തുനിന്നുണ്ടായ ആദ്യത്തെ നല്ള ആക്രമണം ഇന്ത്യൻ ഗോളി വിശാൽ ഖേയ്ത്ത് തടുത്തിടുകയും അൻവർ അലി ക്ളിയർ ചെയ്യുകയും ചെയ്തു.
50-ാം മിനിട്ടിൽ സുരേഷിൽ നിന്ന് ആഷിഖിന് മറ്റൊരു മികച്ച അവസരം ലഭിച്ചെങ്കിലും ആ ഷോട്ടും പുറത്തേക്കാണ് പോയത്. തുടർന്നാണ് കോച്ച് മനോളോ മാർക്കേസ് ആഷിഖിനെയും ബ്രാന്റണിനെയും മാറ്റി ഛെത്രിയേയും മഹേഷിനെയും കളത്തിലിറക്കിയത്. എന്നാൽ അവസരങ്ങൾ പാഴാക്കിയതല്ലാതെ ഇരുവരും മാറ്റമൊന്നുമുണ്ടാക്കിയില്ല.60-ാംമിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് ഛെത്രിക്ക് കിട്ടിയ അവസരം പ്രതിരോധം നിർവീര്യമാക്കി. 68-ാം മിനിട്ടിൽ ഛെത്രി മുൻകൈ എടുത്തുനടത്തിയ ആക്രമണം ഗോളി തടുത്തു.81-ാം മിനിട്ടിലും 82-ാം മിനിട്ടിലും ലിസ്റ്റണും ഛെത്രിയും തുടരെ നടത്തിയ ആക്രമണങ്ങളും ചീറ്റിപ്പോയി. ഗോൾരഹിത സമനിലയെന്ന് കരുതിയിരുന്നപ്പോഴാണ് റഫറി ഹോംഗ്കോംഗിന് അനുകൂലമായി പെനാൽറ്റി അനുവദിക്കുന്നതും ഗോൾ വീഴുന്നതും.
ഒക്ടോബർ 9ന് സിംഗപ്പൂരിന് എതിരെയാണ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ അടുത്ത മത്സരം.
ഗ്രൂപ്പ് സിയിൽ അവശേഷിക്കുന്ന നാലുമത്സരങ്ങളിലും ജയിച്ചാലേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |