തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ശുഭാംശുശുക്ളയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിേലക്കുള്ള യാത്ര ഇന്ന് വൈകിട്ട് 5.30ന് തുടങ്ങും. കമാൻഡറായ പെഗ്ഗി വിറ്റ്സൺ, സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോർകാപു (ഹംഗറി) എന്നിവരാണ് സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിലെ സഹയാത്രികർ. പൈലറ്റായും ശുഭാംശു പ്രവർത്തിക്കും. ആക്സിയം 4 മിഷൻ എന്നാണ് ദൗത്യത്തിന്റെ പേര്.
അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററിലെ 39എ.ലോഞ്ച്പാഡിൽ പേടകം ഘടിപ്പിച്ച ഫാൽക്കൺ-9 റോക്കറ്റ് സജ്ജമാണ്. ഇന്നലെ നടത്താനിരുന്ന യാത്ര പ്രതികൂല കാലാവസ്ഥ കാരണമാണ് മാറ്റിയത്. ലോഞ്ച് റിവ്യു കമ്മിറ്റിയോഗം വിക്ഷേപണത്തിന് അന്തിമാനുമതി നൽകി.
28 മണിക്കൂർ യാത്ര ചെയ്ത് വ്യാഴാഴ്ച രാത്രി 10ന് പേടകം സ്പെയ്സ് സ്റ്റേഷനിലെത്തും. 26ന് ഭൂമിയിലേക്ക് മടങ്ങും. എട്ടിന് നടത്തേണ്ടിയിരുന്ന യാത്ര കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ രണ്ടുതവണ മാറ്റേണ്ടിവന്നു. ആക്സിയം സ്പെയ്സ് കമ്പനിയാണ് യാത്രയുടെ ചുമതലക്കാർ.
ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് മുന്നോടിയായുള്ള പരീക്ഷണങ്ങൾക്കാണ് ശുഭാംശു പോകുന്നത്. യാത്രയ്ക്കും 14 ദിവസം സ്പെയ്സ് സ്റ്റേഷനിൽ ഗവേഷണം നടത്താനും 550 കോടി രൂപയാണ് ഇന്ത്യ ചെലവാക്കുന്നത്. 1984ൽ രാകേഷ് ശർമ്മ സോവിയറ്റ് റോക്കറ്റിൽ ബഹിരാകാശത്ത് പോയി 41 വർഷത്തിന് ശേഷമാണ് പുതിയ ദൗത്യം.
ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ. വി. നാരായണൻ അടക്കമുള്ള സംഘം ഫ്ളോറിഡയിൽ എത്തിയിട്ടുണ്ട്. 60 ഗവേഷണങ്ങളാണ് നടത്തുന്നത്. പ്രമേഹബാധിതർക്കു ബഹിരാകാശം സന്ദർശിക്കാൻ അവസരമൊരുക്കുന്നതിനുള്ള ഗവേഷണങ്ങളും ഇതിൽപെടും. ഇന്ത്യയ്‌ക്കായി 12 പരീക്ഷണമാണ് നടത്തുന്നത്.
നിലയ പ്രവേശനം വ്യാഴം രാത്രി 11ന്
ഇന്ന് ഉച്ചയ്‌ക്ക് 2.30 പി.എം: യാത്ര പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പെങ്കിലും യാത്രികർ പേടകത്തിൽ പ്രവേശിക്കും. സുരക്ഷാ വിലയിരുത്തലും മറ്റും പൂർത്തിയാക്കാനാണിത്.
വൈകിട്ട് 5.30: ക്രൂഡ്രാഗൺ പേടകവുമായി ഫാൽക്കൺ- 9 റോക്കറ്റ് കുതിച്ചുയരും
5.39: പേടകം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ. ഫാൽക്കൺ-9 തിരിച്ച് ഭൂമിയിലേക്ക്
വ്യാഴം രാത്രി 10 മണിക്ക്: ക്രൂഡ്രാഗൺ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിൽ ഡോക്ക് ചെയ്യും. ഒരു മണിക്കൂർ സുരക്ഷാ പരിശോധന.
രാത്രി 11 : ഹാർമണി മൊഡ്യൂളിലെ ഹാച്ച് തുറന്ന് ശുഭാംശുവും സംഘവും സ്പെയ്സ് സ്റ്റേഷനിലേക്ക്. അന്തേവാസികൾ വരവേൽക്കും.
ചുമതലകളുടെ ഷെഡ്യൂൾ കൈമാറും. ഗവേഷണ ദൗത്യങ്ങളിലേക്ക് കടക്കും.
26ന് ക്രൂഡ്രാഗണിൽ ഭൂമിയിലേക്ക് മടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |