കൊച്ചി: ഓഹരിവിപണിയിൽ കാളക്കൂറ്റൻ കരുത്ത് കാട്ടുന്നു. മറ്റ് ഏഷ്യൻ ഓഹരിവിപണികളിലെ ഉയർച്ചയുടെ ചുവട്പിടിച്ച് ഇന്ത്യൻ ഓഹരിവിപണിക്കും നേട്ടം. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ സെൻസെക്സ് 123. 4 പോയിന്റ് ഉയർന്ന് 82,515ലും നിഫ്റ്റി 37 പോയിന്റ് ഉയർന്ന് 25,141ലും എത്തി. 1. 26ശതമാനം വളർച്ചയോടെ ഐ.ടി ഓഹരികളാണ് പ്രധാനമായും നേട്ടം കൊയ്തത്.
ഏറെക്കാലമായി 25,000ൽ കിടന്ന് കളിച്ച് നിക്ഷേപകരുടെ ചങ്കിടിപ്പ് കൂട്ടുകയായിരുന്ന നിഫ്റ്റി വ്യാപാരത്തിന്റെ ഒരുവേള 25,200 എന്ന പോയിന്റ് കടന്നു. 2024 ഒക്ടോബറിന് ശേഷം ആദ്യമായാണ് നിഫ്റ്റി നേട്ടം കൈവരിച്ചത്. വിദേശ നിക്ഷേപകർ ലാഭക്കൊയ്ത്ത് നടത്തിയില്ലെങ്കിൽ നേട്ടത്തിന്റെ കാലമാണ് വരാനിരിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു. അടുത്ത് തന്നെ 25,300 എന്ന കടമ്പ കടക്കാനും നിഫ്റ്റിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
നേട്ടത്തിന് വഴിയൊരുക്കി
അമേരിക്ക-ചൈന ചർച്ച
വ്യാപാരക്കരാറിൻ മേൽ ചർച്ച തുടരാൻ അമേരിക്കയും ചൈനയും തയ്യാറായത് ഏഷ്യൻ വിപണിക്ക് കുതിപ്പേകി. ഇതാണ് ഇന്ത്യൻ ഓഹരിവിപണിക്കും പിന്തുണയായത്. ചൈനയുമായുള്ള വ്യാപാരക്കരാറിന് ധാരണയായെന്ന് ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡോൺാൾഡ് ട്രംപ് അറിയിച്ചിരുന്നു. ലോകത്തിലെ വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ വിപണിക്ക് കുതിപ്പേകുമെന്ന് വിദഗ്‌ദ്ധർ കണക്കുകൂട്ടുന്നു.
സ്വാധീനിച്ച മറ്റുഘടകങ്ങൾ
1. ഡോളറിനെതിരെ രൂപയുടെ മൂല്യം കുതിച്ചത്
2. അന്താരാഷ്ട്ര സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുറവ്
3. കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ്
സ്വർണവിലയും ഉയർന്നു
ആറുനാളുകൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കയറി. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്നലെ സ്വർണത്തിന് കൂടിയത്. പവന് 72, 160 രൂപയാണ് ഇന്നലത്തെ വില. അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരക്കരാറിലുള്ള അനിശ്ചിതത്വമാണ് സ്വർണവിലയെ സ്വാധീനിച്ചത്. എന്നാൽ, ഇരുകൂട്ടരും ഒത്തുതീർപ്പിലേക്ക് എത്തുമെന്ന വാർത്തകൾ അടുത്തദിവസങ്ങളിൽ അന്താരാഷ്ട്രവിപണിയിൽ സ്വർണവില ഇടിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ സംസ്ഥാനത്തും വില കുറഞ്ഞേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |