കോഴിക്കോട്: സമൂഹത്തിലെ ഇടത്തരക്കാരും നിർദ്ധനരുമായ രോഗികളെ സഹായിക്കുന്നതിനായി മരുന്നുകൾ വിലകുറച്ച് നൽകാൻ 'തണൽ' സംഘടനയുമായി സഹകരിച്ച് മലബാർ ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന മെഡിക്കൽ ഫാർമസിയുടെ പ്രവർത്തനം കോഴിക്കോട് ആരംഭിച്ചു. കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള മെഡിക്കൽ ഫാർമസികൾ ആരംഭിക്കാനാണ് മലബാർ ചാരിറ്റബിൾ ട്രസ്റ്റ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ 21-ാമത്തെ 'മലബാർ ചാരിറ്റബിൾ ട്രസ്റ്റ് -തണൽ' ഫാർമസി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം കോവൂരിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.
മലബാർ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ എ.കെ. നിഷാദ്, കോർപ്പറേറ്റ് ഹെഡ് എം. പി അഹമ്മദ് ബഷീർ, റീട്ടെയിൽ ഓപ്പറേഷൻ മേധാവി ആർ.അബ്ദുൾ ജലീൽ, ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.പി സി അൻവർ, തണൽ ചെയർമാൻ ഡോ.വി. ഇദ്‌രീസ് തുടങ്ങിയവർ പങ്കെടുത്തു.
ഇടനിലക്കാരില്ലാതെ ഫാക്ടറികളിൽ നിന്ന് നേരിട്ട് മരുന്നുകൾ എത്തിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക ശേഷിയില്ലാത്ത ഇടത്തരക്കാരും നിർദ്ധനരുമായ അനേകായിരം രോഗികൾക്ക് ലാഭമെടുക്കാതെ സബ്‌സിഡി നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള മഹത്തായ ലക്ഷ്യമാണ് 'മലബാർ ചാരിറ്റബിൾ ട്രസ്റ്റ്-തണൽ' ഫാർമസിയിലൂടെ നടപ്പാക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |