കാൻബെറ: ഓസ്‌ട്രേലിയൻ പൊലീസിന്റെ ക്രൂരപീഡനത്തിനിരയായ ഇന്ത്യൻ വംശജന് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന നാൽപ്പത്തിരണ്ടുകാരനായ ഗൗരവ് കന്റിയാണ് മരിച്ചത്. റോയൽ അഡലെയ്ഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുമ്പാണ് യുവാവിനെ അഡ്‌ലെയ്ഡ് പൊലീസ് ആക്രമിച്ചത്.
ഗൗരവും ഭാര്യ അമൃത്പാൽ കൗറും തമ്മിൽ റോഡിൽവച്ച് തർക്കമുണ്ടാവുകയും അതുവഴി വന്ന പൊലീസ് പട്രോളിംഗ് സംഘം ഇതു ശ്രദ്ധിക്കുകയും ഉടൻ ഗൗരവിനെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഗൗരവിനെ വലിച്ചിഴച്ച് തറയിലേക്ക് തള്ളിയിടുകയും കഴുത്തിൽ കാൽമുട്ടമർത്തുകയും ചെയ്‌തു. പിന്നാലെ യുവാവ് അബോധാവസ്ഥയിലായി. പൊലീസിന്റെ ക്രൂരത അമൃത്പാൽ ഫോണിൽ റെക്കോർഡ് ചെയുകയായിരുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഗൗരവ് നിലവിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഭർത്താവിനെ മർദിക്കുന്നത് കണ്ട് കരഞ്ഞുകൊണ്ട് ഗൗരവിനെ വിടാനായി യുവതിയും കരഞ്ഞപേക്ഷിച്ചെങ്കിലും പൊലീസ് ചെവികൊണ്ടില്ല. ഗൗരവിനെ അറസ്റ്റ് ചെയ്യുന്നതിനിടെ അക്രമാസക്തമായെന്നും അതിനെ ചെറുത്തുവെന്നുമാണ് പൊലീസ് വാദം. ഗൗരവ് മദ്യലഹരിയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു. തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും പൊലീസ് തെറ്റിദ്ധാരണയിലാണ് ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ചതെന്നും അമൃത് ആരോപിക്കുന്നു. മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
അതിക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊലീസിന്റെ ആക്രമണത്തിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഗൗരവ് കന്റി കോമയിലായിരുന്നു. ഗൗരവ്– അമൃത് ദമ്പതികൾക്ക് രണ്ടു കുട്ടികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |