ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചാർധാം യാത്രയിൽ ആശങ്കയേറ്റി വീണ്ടും ഹെലികോപ്റ്റർ അപകടം. ഇന്നലെ സ്വകാര്യ ഹെലികോപ്റ്റർ തകർന്നു വീണ് ഏഴു പേർ കൂടി മരിച്ചതോടെ, തീർത്ഥാടനം തുടങ്ങി ഒന്നര മാസത്തിനിടെ മരിച്ചവരുടെ എണ്ണം 13 ആയി. അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടൽ മാറും മുൻപുണ്ടായ ദുരന്തം രാജ്യത്തിന് നോവായി. ബദ്രിനാഥ് - കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ജീവനക്കാരൻ വിക്രം റാവത്ത് അടക്കം അഞ്ച് യാത്രക്കാരും രണ്ടു വയസുള്ള പെൺകുട്ടിയും പൈലറ്റുമാണ് മരിച്ചത്.
മഹാരാഷ്ട്ര സ്വദേശികളായ വ്യവസായി രാജ്കുമാർ ജയ്സ്വാൾ, ഭാര്യ ശ്രദ്ധ, മകൾ കാശി, ഉത്തർപ്രദേശ് സ്വദേശികളായ വിനോദ് ദേവി, തുഷ്‌ടി സിംഗ് എന്നിവരാണ് ദുരന്തത്തിനിരയായ തീർത്ഥാടകർ. ജയ്‌പൂർ സ്വദേശി രാജ്‌വീർ സിംഗ് ചൗഹാനാണ് പൈലറ്റ്. വ്യോമയാന മന്ത്രാലയവും, ഉത്തരാഖണ്ഡ് സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം തുടങ്ങി.ചാർധാം തീർത്ഥാടനത്തിലെ ഹെലിക്കോപ്ടർ സർവീസുകൾ രണ്ടുദിവസത്തേക്ക് നിർത്തിവച്ചു.
ആര്യൻ ഏവിയേഷന്റെ ബെൽ 407 ഹെലികോപ്റ്ററാണ് തകർന്നു വീണത്. പുലർച്ചെ 05.19ന് കേദാർനാഥിൽ നിന്ന് ഗുപ്‌ത്കാശിയിലെ ആര്യൻ ഹെലിപാഡിലേക്ക് പുറപ്പെട്ട കോപ്റ്റർ 5.30നും 5.45നുമിടയിൽ ഗൗരികുണ്ഡിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു. കത്തിയ നിലയിലാണ് ഹെലികോപ്റ്ററിനെ ദുരന്ത നിവാരണ സേനകൾ കണ്ടെത്തിയത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആര്യൻ ഏവിയേഷന്റെ ഹെലിക്കോപ്റ്റർ സർവീസുകൾ സസ്‌പെൻഡ് ചെയ്‌തു. മോശം കാലാവസ്ഥയിൽ ഹെലിക്കോപ്റ്റർ പറത്തിയ മറ്റൊരു സ്വകാര്യ സ്ഥാപനമായ ട്രാൻസ്ഭാരതി ഏവിയേഷന്റെ രണ്ട് പൈലറ്റുമാരുടെ ലൈസൻസ് ആറു മാസത്തേക്ക് മരവിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |