ന്യൂഡൽഹി: ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ദൃശ്യം പകർത്തിയ ആര്യൻ അസാരി ഇപ്പോഴും നടുക്കത്തിലാണ്. വിദൂര ഗ്രാമത്തിൽ നിന്ന് പിതാവിനെ കാണാൻ വന്നതാണ് പന്ത്രണ്ടാം ക്ലാസുകാരനായ ആര്യൻ. വിമാനം പറന്നുയരുകയോ ലാൻഡ് ചെയ്യുകയോ ആണെന്നാണ് ആര്യൻ ധരിച്ചത്. ഉടനെ ഫ്ലാറ്റിന്റെ ടെറസിൽ ഓടിക്കയറി. ദൃശ്യം പകർത്തി കൂട്ടുകാർക്ക് അയച്ച് ഹീറോ ആകാനായിരുന്നു ശ്രമം.
വിമാനത്തിന്റെ മുൻഭാഗം മുകളിലേക്ക് ഉയർന്ന നിലയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നെങ്കിലും ചലിക്കുന്നത് താഴേക്കായിരുന്നു. ലാൻഡ് ചെയ്യാനായിരിക്കും എന്ന് കരുതി. പിന്നെ കാണുന്നത് തീ ആളുന്നതാണ്. കണ്ണടച്ചു തുറക്കുംമുമ്പ് ഉഗ്ര സ്ഫോടനം. കണ്ണിന് വിശ്വസിക്കാനാകാത്ത അഗ്നിഗോളമായി അതുമാറി.
270 പേരുടെ ജീവനെടുത്ത വിമാനദുരന്തമാണതെന്ന് പിന്നീടാണ് ആര്യൻ അറിഞ്ഞത്.
അഹമ്മദാബാദ് മെട്രോയിൽ സൂപ്പർവൈസറായ പിതാവ് മഗൻ സിംഗ് ജോലിക്കു പോകാനുള്ള സൗകര്യം കണക്കിലെടുത്താണ് ആറുമാസം മുമ്പ് വിമാനത്താവളത്തിന് അടുത്തുള്ള ഫ്ളാറ്റിലേക്ക് താമസം മാറ്റിയത്. അവിടേക്ക് ആദ്യമായാണ് ആര്യനും സഹോദരിയും വന്നത്.
തൊട്ടു മുകളിൽ കൂടി വിമാനങ്ങൾ പറന്നുപോകുന്നതും താഴ്ന്നിറങ്ങുന്നതും കണ്ടതോടെ അതു പകർത്തി കൂട്ടുകാരെ കാണിക്കാൻ കൗതുകമായി. വിമാനം അഗ്നിഗോളമായി മാറുന്നത് കണ്ട ആര്യൻ ഓടി താഴേക്കിറങ്ങി. വിവരം സഹോദരിയോട് പറഞ്ഞു. മുൻകരസേന ഉദ്യോഗസ്ഥൻകൂടിയായ പിതാവിന് ദൃശ്യം അയച്ചുകൊടുത്തു. വിമാനത്തിന്റെ ചക്രങ്ങൾ ഉള്ളിലേക്ക് കയറിയിരുന്നില്ലെന്നും പിൻഭാഗത്തെ ഫ്ളാപ്പുകൾ വിടർന്നിരിക്കുകയാണെന്നും അധികൃതർക്ക് ബോദ്ധ്യമായത് ഈ ദൃശ്യങ്ങളിൽ നിന്നാണ്.
വിമാനയാത്ര നടത്തില്ല!
അന്വേഷണ ഏജൻസികളും മാദ്ധ്യമപ്രവർത്തകരും അന്വേഷിച്ചെത്തിയതോടെ ആര്യൻ അസാരി ആകെ ഭയന്നു. സഹോദരന് നേരാംവണ്ണം ഉറക്കംപോലും ലഭിക്കുന്നില്ലെന്ന് സഹോദരി വെളിപ്പെടുത്തി. ഒരിക്കലും വിമാനയാത്ര നടത്തില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ആര്യൻ. ഇന്ന് സ്കൂൾ തുറക്കുന്നതിനാൽ നാട്ടിലേക്ക് മടങ്ങി. അതിനു മുമ്പ് പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സാക്ഷി എന്ന നിലയിലാണ് മൊഴി എടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |