ഫ്ലോറിഡ: കായിക ലോകം കണ്ണുനട്ട് കാത്തിരുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ തുടക്കം ഗോൾ രഹിതമായിരുന്നെങ്കിലും പിന്നീട് ഗോൾ മഴ പെയ്‌തു. സാക്ഷാൽ ലയണൽ മെസിയുടെ ഇന്റർ മയാമിയും ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയും തമ്മിൽ ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തിൽ ഇരുടീമിനും വകുലുക്കാനായില്ല. എന്നാൽ രണ്ടാം മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഓഷ്യാനയിൽ നിന്നുള്ള ഓക്‌ലൻഡ് സിറ്റിയെ മറുപടിയില്ലാത്ത പത്ത് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി.
ഗോളിമാരാണ് താരം
ക്രോസ് ബാറിന് കീഴിൽ വൻമതിൽ കെട്ടി എണ്ണം പറഞ്ഞ സേവുകളുമായി കളം നിറഞ്ഞ ഇന്റർ മയാമിയുടെ അർജന്റൈൻ ഗോൾ കീപ്പർ ഓസ്കാർ ഉസ്ട്രാറിയും അൽ അഹ്ലിയുടെ ഈജിപ്ഷ്യൻ ഷോട്ട് സ്റ്റോപ്പർ എൽ ഷെനാവിയുമാണ് ആദ്യ മത്സരത്തിലെ താരങ്ങൾ (ഗ്രൂപ്പ് എ).
ഉദ്ഘാടന പോരാട്ടം കാണാനായി ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിന്റെ ഗാലറിയിലേക്ക് ഒഴുകിയെത്തിയത് 60,927 പേരാണ്. ഗോൾ പ്രതീക്ഷകളെ മിന്നും സേവിലൂടെ തകർത്ത് ഓസ്കാറും എൽ ഷെനാവിയും നിറഞ്ഞാടുകയായിരുന്നു.
ആദ്യ പകുതിയിലെ പെനാൽറ്റിയുൾപ്പെടെ 8 സേവുകൾ നടത്തിയ മയാമിയുടെ ഓസ്കാർ തന്നെയാണ് കളിയിലെ താരം. മറുവശത്ത് എൽ ഷെനാവി ബോക്സിനുള്ളിലെ മൂന്നെണ്ണം ഉൾപ്പെടെ അഞ്ച് സേവുകളുമായി അൽ അഹ്ലിയുടെ കാവൽ മാലാഖയായി. മത്സരത്തിന്റെ അവസാന നിമിഷം ഇരുപത് വാര അകലെ നിന്നുള്ള ഗോളെന്നുറച്ച മെസിയുടെ ഷോട്ട് എൽ ഷെനാവി തട്ടിയകറ്റിയത് കണ്ട് ഗാലറി തരിച്ചിരുന്നു. മെസിയും സുവാരസും ബുസ്കറ്റ്സുമുൾപ്പെടെയുള്ള വമ്പൻമാരുൾപ്പെട്ട മയാമിയെ ഒരു പതർച്ചയുമില്ലാതെയാണ് ആഫ്രിക്കൻ വമ്പൻമാരായ അൽ അഹ്ലി തളച്ചത്.
ഗോളാന്തര വാർത്ത
എന്നാൽ രണ്ടാം മത്സരത്തിൽ (ഗ്രൂപ്പ് സി) കളിമാറി. ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്ക് ന്യൂസിലാൻഡിന്റെ വലയിലേക്ക് പത്ത് ഗോളുകളാണ് അടിച്ചു കയറ്റിയത്. ജമാൽ മുസിയാല ഹാട്രിക്ക് നേടിയപ്പോൾ കോമാനും മുള്ളറും ഒലിസെയും രണ്ട് ഗോൾ വീതം നേടി.ബോയെ ഒരു ഗോളടിച്ചു. ആറാം മിനിട്ടിൽ കോമാനിലൂടെ തുടങ്ങിയ ഗോളടി മേളം 89-ാം മിനിട്ടിൽ മുള്ളറിലൂടെയാണ് ബയേൺ അവസാനിപ്പിച്ചത്.
ബൊക്ക ജൂനിയേഴ്‌സ് - ബെൻഫിക്ക
(നാളെ പുലർച്ചെ 3.30ന്)
ഫ്ലമെംഗോ -ടുണിസ്
(നാളെ രാവിലെ 6.30ന്)
ലൈവ്: ഡാസൻ.കോം ആപ്പിൽ
ഷർദുളിന് സെഞ്ച്വറി
ബെക്കിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ഇലവനിേക്ക് ശക്തമായി അവകാശമുയർത്തി ഷർദുൽ താക്കൂർ നേടിയ സെഞ്ച്വറിയോടെ ഇന്ത്യൻ ടീമും ഇന്ത്യ എടീമും തമ്മിലുള്ള സന്നാഹ മത്സരത്തിന് അവസാനം. 19 റൺസുമായി മൂന്നാം ദിനം ഇന്ത്യ എയ്ക്കായി ബാറ്റിംഗ് പുനരാരംഭിച്ച ഷർദുൾ ബുംറയും സിറാജും പ്രസിദ്ധുമെല്ലാം ഉൾപ്പെട്ട ബൗളിംഗ് നിരയ്ക്കെതിരെ 122 റൺസുമായി പുറത്താകാതെ നിൽക്കുമ്പോഴാണ് മത്സരം അവസാനിച്ചത്. നേരത്തേ ഇന്ത്യ എയ്ക്കായി ഇറങ്ങിയ സർഫറാസ് ഖാനും ( 76 പന്തിൽ 101 ) സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗസിൽ 459 റൺസ് നേടിയിരുന്നു. ഇന്ന് ടീമിന് പൂർണ വിശ്രമം. നാളെ ടീം ഒന്നാം ടെസ്റ്റിന്റെ വേദിയായ ലീഡ്‌സിലേക്ക് തിരിക്കും. 20നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്.
-
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |