ഷില്ലോംഗ്: മേഘാലയയിൽ വച്ച് ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലീസ്. കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും കൊലപാതക കാരണമായി ഭാര്യ സോനം പറയുന്നത് അവിശ്വസനീയമായ കാര്യങ്ങളാണെന്നും മേഘാലയ ഡി.ജി.പി ഇദാഷിഷ നോൻഗ്രാങ് പറഞ്ഞു. പ്രതിയായ രാജ് കുശ്വാഹയും സോനം രഘുവംശിയും തമ്മിലുള്ള ബന്ധത്തിനപ്പുറം കേസിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്നും പറഞ്ഞു.
'പ്രതിയുടെ ഉദ്ദേശ്യം കണക്കിലെടുക്കാൻ ബുദ്ധിമുട്ടാണ്. വിവാഹശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരാൾക്ക് ഇത്രയധികം വൈരാഗ്യം തോന്നുകയും ആ വ്യക്തിയെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്യുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇതൊരു ത്രികോണപ്രണയമായി തോന്നുന്നുണ്ട്. എന്നാൽ, ഇതുമാത്രമാണ് കാരണമെന്ന് പറയാനാകില്ല. അതിൽ കൂടുതലായി എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയാണ്. നിരവധി വഴിത്തിരിവുകൾ കുടുങ്ങിക്കിടക്കുകയാണ് കേസ്. ഞങ്ങൾക്ക് മതിയായ തെളിവുകളുണ്ട്, നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്" - ഡി.ജി.പി പറഞ്ഞു.
മേയ് 23 നാണ് വ്യവസായിയായ രാജ രഘുവംശിയെ വെട്ടിക്കൊലപ്പെടുത്തുന്നത്. ജൂൺ 9 ന് ഭാര്യ സോനം, കാമുകൻ രാജ് കുശ്വാഹ , മൂന്ന് വാടകക്കൊലയാളികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മന്ത്രവാദത്തിൽ വിശ്വാസം
സോനം മന്ത്രവാദത്തിലും മറ്റും വിശ്വസിച്ചിരുന്നതായും തന്റെ മകന്റെ മേൽ പ്രയോഗിച്ചിരുന്നതായും രാജായുടെ പിതാവ് അശോക് രഘുവംശി. സോനത്തിന്റെ നിർദ്ദേശപ്രകാരം, രാജ വീടിന്റെ പ്രധാന വാതിലിൽ ഒരു വസ്തു തൂക്കി. ഇതിലൂടെ കുടുംബത്തെ ദുഷ്ട ദൃഷ്ടി ബാധിക്കില്ലെന്ന് സോനം രാജയോട് പറഞ്ഞിരുന്നു. മകന്റെ മരണശേഷം ഈ കെട്ട് വീട്ടിൽ നിന്ന് നീക്കം ചെയ്തു. എന്റെ മകനെ കൊന്നവരെ തൂക്കിലേറ്റണം- അശോക് പറഞ്ഞു.
ദൃശ്യം പുറത്ത്
മേഘാലയയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ ദുർഘടമായ വഴിയിലൂടെ സോനത്തോടൊപ്പം രാജാ രഘുവംശി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂർ മുമ്പ് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.
മേയ് 23 ന് രാവിലെ 9.45 ന് ഒരു വനോദസഞ്ചാരി പകർത്തിയ ദൃശ്യങ്ങളിൽ, ദമ്പതികൾ നടന്നുപോകുന്നത് കാണാം. സോനത്തിനു പിന്നാലെ രാജാ നടക്കുന്ന ദൃശ്യങ്ങളാണ് വന്നത്. സോനം ധരിച്ചിരുന്ന വെളുത്ത ടീഷർട്ട് പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |