ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം മൂലം മകന്റെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നെന്നും, തനിക്കുണ്ടായ വ്യക്തിപരമായ നഷ്ടമാണിതെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പിന്നാലെ നെതന്യാഹുവിനെതിരെ വ്യാപക വിമർശനം ഉയർന്നു. ഇറാന്റെ മിസൈലാക്രമണത്തിൽ തകർന്ന ബീർഷേബയിലെ സൊറോക ആശുപത്രിക്ക് മുന്നിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു നെതന്യാഹു.
സുരക്ഷാ കാരണങ്ങൾ മൂലം രണ്ടാം തവണയും മകന്റെ വിവാഹം മാറ്റേണ്ടി വന്നെന്നും തന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ത്യാഗത്തിന് ഉദാഹരണമാണിതെന്നും നെതന്യാഹു പറഞ്ഞു. തന്റെ ഭാര്യയേയും മകന്റെ ഭാവി വധുവിനെയും ഇത് മാനസികമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
' ആളുകൾ കൊല്ലപ്പെട്ടു, കുടുംബങ്ങൾ പ്രിയപ്പെട്ടവർക്ക് വേണ്ടി വേദനിക്കുന്നു... താനും അതിൽ പങ്കുചേരുന്നു. നാം ഓരോരുത്തരും വ്യക്തിപരമായ നഷ്ടങ്ങൾ വഹിക്കുന്നു. തന്റെ കുടുംബവും ഇതിൽപ്പെടുന്നു" നെതന്യാഹു കൂട്ടിച്ചേർത്തു. അതേ സമയം, നെതന്യാഹുവിന് യുദ്ധത്തിന്റെ യാഥാർത്ഥ്യങ്ങളോടല്ല, മറിച്ച് സ്വന്തം കാര്യത്തിലാണ് ആകുലതയെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു.
നെതന്യാഹുവിന്റെ ഇളയ മകൻ അവ്‌നെറിന്റെ വിവാഹം തിങ്കളാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. വിവാഹം കഴിഞ്ഞ വർഷം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ലെബനനിൽ നിന്ന് ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഡ്രോൺ ആക്രമണ ഭീഷണി കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു. ഗാസയിൽ ഇസ്രയേലി ബന്ദികൾ ഹമാസിന്റെ പിടിയിൽ തുടരവെ നെതന്യാഹു കുടുംബം ആഘോഷത്തിൽ മുഴുകുകയാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |