വാഷിംഗ്ടൺ : 1996 ജൂലായ് 17, ട്രാൻസ് വേൾഡ് എയർലൈൻസ് ( ടി.ഡബ്ല്യൂ.എ ) ഫ്ലൈറ്റ് 800, ബോയിംഗ് 747 - 100 വിമാനം ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ നിന്ന് റോമിലേക്ക് പറന്നുയർന്നു. 12 മിനിറ്റുകൾക്ക് ശേഷം രാത്രി 8.31 ന് ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് തീരത്തിന് സമീപം ആ വിമാനം പൊട്ടിത്തെറിച്ചു. ഒരു തീഗോളമായി രണ്ടായി പിളർന്ന് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചു. 18 ജീവനക്കാർ ഉൾപ്പെടെ 230 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ പോലും രക്ഷപ്പെട്ടില്ല. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തം.
പൊട്ടിത്തെറിക്ക് കാരണം
ഇന്നും അഭ്യൂഹങ്ങളും വിവാദങ്ങളും നിറഞ്ഞ ഉത്തരങ്ങളാണ് ഈ ചോദ്യത്തിനുള്ളത്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് മിസൈൽ പോലെ എന്തോ ഒന്ന് ഫ്ലൈറ്റ് 800ന് നേരെ പാഞ്ഞടുത്തതായി നിരവധി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ഭീകരാക്രമണമാണോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണങ്ങളിൽ ഒന്നാണ് ഫ്ലൈറ്റ് 800നെ ചുറ്റിപ്പറ്റി നടന്നത്. നാല് വർഷം കൊണ്ട് ദശലക്ഷക്കണക്കിന് ഡോളർ അമേരിക്കൻ ഭരണകൂടം ചെലവിട്ടു. എന്നിട്ടും ഇന്നും ചോദ്യങ്ങൾ ഏറെ ബാക്കി.
പിന്നിൽ മിസൈൽ ?
ലോംഗ് ഐലൻഡ് തീരത്ത് നിന്ന് 8 മൈൽ അകലെ വച്ചാണ് ഫ്ലൈറ്റ് 800 പൊട്ടിത്തെറിച്ചത്. കടൽത്തീരം, ബോട്ടുകൾ എന്നിങ്ങനെ പല ഭാഗത്ത് നിലയുറപ്പിച്ച നൂറുകണക്കിന് പേരാണ് ശക്തമായ ആ സ്ഫോടനം നേരിൽ കണ്ടത്. ഒരു ഹെലികോപ്‌റ്ററിലും ഒരു വിമാനത്തിലും സഞ്ചരിച്ചിരുന്നവർ പൊട്ടിത്തെറി കണ്ടുവെന്നാണ് റിപ്പോർട്ട്. 700ലേറെ ദൃക്‌സാക്ഷികളെയാണ് എഫ്.ബി.ഐ ചോദ്യം ചെയ്തത്. ഇതിൽ തീ ചിതറുന്ന പോലെ എന്തോ ഒന്ന് വിമാനത്തിലേക്ക് പാഞ്ഞുകയറിയത് പോലെ തോന്നിയെന്നാണ് ചിലർ പറഞ്ഞത്. വളരെ കുറച്ച് പേരാകട്ടെ 'മിസൈൽ', 'റോക്കറ്റ് ' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു.
സംശയ നിഴൽ
ഫ്ലൈറ്റ് 800 തകരുമ്പോൾ അമേരിക്ക ഭീകരവാദത്തിനെതിരെ ജാഗ്രത പുലർത്തിയിരുന്ന സമയമായിരുന്നു. സദ്ദാം ഹുസൈൻ ഉൾപ്പെടെ രാജ്യത്തിന് പുറത്തും അകത്തും ഉള്ളവർ സംശയത്തിന്റെ നിഴലിലായി. മാത്രമല്ല, അമേരിക്കയിലെ അറ്റ്‌ലാന്റയിൽ ഒളിംപിക്സിന് തിരിതെളിയാൻ വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അപകടം. ലോംഗ് ഐലൻഡ് മേഖലയിൽ തമ്പടിച്ചിരുന്ന യു.എസ് നേവി കപ്പലുകളിൽ നിന്ന് അബദ്ധത്തിൽ മിസൈൽ വിമാനത്തിലിടിച്ചതാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും ഭരണകൂടം ഇത് പാടേ തള്ളി.
ഒടുവിൽ...
13 രാജ്യങ്ങളിൽ നിന്നുള്ളവർ ഫ്ലൈറ്റ് 800ൽ ഉണ്ടായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ 130 അടി താഴ്ചയിലേക്കാണ് പതിച്ചത്. ഏകദേശം 10 മാസത്തിലേറെ സമയമെടുത്ത് 230 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു. 1997 നവംബറിൽ, പൊട്ടിത്തെറിയ്ക്ക് പിന്നിൽ ആസൂത്രിതമായ ക്രിമിനൽ നടപടികളല്ലെന്ന് എഫ്.ബി.ഐ പ്രഖ്യാപിച്ചു. തുടർന്ന് പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തുക എന്ന ചുമതല നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന് (എൻ.റ്റി.എസ്.ബി) കൈമാറി. മൂന്ന് വർഷത്തിന് ശേഷം എൻ.റ്റി.എസ്.ബി ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. വിമാനത്തിന്റെ സെൻട്രൽ ഫ്യൂവൽ ടാങ്കിലുണ്ടായ ഷോർട്ട് സർക്യൂട്ട് പൊട്ടിത്തെറിയിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |