ഗ്രാമീണ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ സി.എസ്.ആർ പദ്ധതി
കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ ഗ്രാമീണ വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുടെ (സി.എസ്.ആർ) ഭാഗമായി നടപ്പാക്കുന്ന തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ വന്ദവാസി തെയ്യാർ ഗ്രാമത്തിൽ മുത്തൂറ്റ് കലൈവാണി നഴ്‌സറി ആൻഡ് പ്രൈമറി സ്‌കൂൾ പ്രവർത്തനം തുടങ്ങി. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു. ബെൽസ്റ്റാർ മൈക്രോഫിനാൻസ് എം.ഡി ഡോ. കൽപ്പന ശങ്കർ, എച്ച്.ഐ.എച്ച് അക്കാഡമി ഫോർ സോഷ്യൽ എന്റർപ്രണർഷിപ്പിന്റെ ഡയറക്ടർ എസ്. ചന്ദ്രശേഖർ, തെയ്യാർ യൂണിയൻ ചെയർമാൻ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
സ്‌കൂളിന്റെ നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തനം എന്നിവയ്ക്കായി മുത്തൂറ്റ് ഫിനാൻസ് അഞ്ച് കോടി രൂപയാണ് ചെലവഴിച്ചത്. സ്ഥാപനത്തിന്റെ മൊത്തം സി.എസ്.ആർ ബഡ്‌ജറ്റിന്റെ 60 ശതമാനവും വിദ്യാഭ്യാസത്തിനായാണ് വിനിയോഗിക്കുന്നത്. 5.25 ഏക്കർ സ്ഥലത്താണ് സ്‌കൂൾ. ആദ്യഘട്ടം 250 വിദ്യാർത്ഥികളാണ് നഴ്‌സറി, പ്രൈമറി വിഭാഗങ്ങളിൽ പ്രവേശനം നേടിയത്. അടുത്ത ഘട്ടത്തിൽ 1000ലധികം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മിഡിൽ, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിലേക്ക് സ്‌കൂൾ വികസിപ്പിക്കാനാണ് ലക്ഷ്യം. 2024 ഫെബ്രുവരി 19നാണ് സ്‌കൂളിന്റെ നിർമ്മാണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |