വാഷിംഗ്ടൺ: 'ഒന്നുകിൽ സമാധാനം...അല്ലെങ്കിൽ കഴിഞ്ഞ എട്ട് ദിവസത്തിനിടെ നാം കണ്ടതിനേക്കാൾ വലിയ ദുരന്തം ഇറാനിൽ ഉണ്ടാകും... " ഇറാനിലെ ആണവകേന്ദ്രങ്ങളെ തകർത്ത പിന്നാലെ രാജ്യത്തോട് നടത്തിയ പ്രത്യേക അഭിസംബോധനയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതാണിത്. ഏതാനും ദിവസങ്ങൾക്ക് മുന്നേയാണ് ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞത്. എന്നാൽ പുതിയ ഒരു യുദ്ധത്തിന് അദ്ദേഹം തന്നെ തുടക്കം കുറിക്കുമോ എന്ന ഭീതിയിലാണ് ലോകം. ഇറാന്റെ തിരിച്ചടിയിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാൻ സമാധാനത്തിന് തയ്യാറെങ്കിൽ കൂടുതൽ ആക്രമണം ഉണ്ടാകില്ലെന്നാണ് യു.എസ് പറയുന്നത്. മറിച്ചായാൽ സർവനാശവും. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് എന്നിവരെ ഒപ്പം നിറുത്തി ട്രംപ് നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
ഇറാന്റെ ആണവ ശേഷി നശിപ്പിക്കുകയാണ് ലക്ഷ്യം. ഇറാൻ ഭീകരതയെ പിന്തുണയ്ക്കുന്നു. അവർ ഉയർത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കണം
യു.എസ് ആക്രമണം അതിശയകരമായ സൈനിക വിജയമാണ്
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾ (ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ) പൂർണ്ണമായും നശിപ്പിച്ചു
മിഡിൽ ഈസ്റ്റിലെ ഭീഷണിയായ ഇറാൻ ഇനി സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങണം
അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, ഭാവി ആക്രമണങ്ങൾ വളരെ വലുതായിരിക്കും
40 വർഷമായി, ഇറാൻ അമേരിക്കയ്ക്കും ഇസ്രയേലിനും ഭീഷണിയാണ്. അവർ ഞങ്ങളുടെ ജനങ്ങളെ കൊല്ലുന്നു
ഇസ്രയേൽ പ്രധാനമന്ത്റി ബെഞ്ചമിൻ നെതന്യാഹുവിനും സൈന്യത്തിനും നന്ദി. മികച്ച ടീമായി ഞങ്ങൾ പ്രവർത്തിച്ചു
ഓർക്കുക, ഇറാനിൽ നിരവധി ലക്ഷ്യങ്ങൾ അവശേഷിക്കുന്നുണ്ട്. സമാധാനം ഉണ്ടായില്ലെങ്കിൽ കൃത്യതയോടെയും വേഗതയോടെയും മറ്റ് ലക്ഷ്യങ്ങളെയും പിന്തുടരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |