കൊച്ചി: യുദ്ധഭീതിയിൽ ഗൾഫ് മേഖലയിലെ വിമാനസർവീസുകൾ താറുമാറായി. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരുടെ യാത്ര ത്രിശങ്കുവിൽ. വേനലവധിയോടനുബന്ധിച്ച് നാട്ടിലേക്ക് വരാനിരുന്നവരുടെ യാത്ര അനിശ്ചിതത്വത്തിലാണ്. സർവീസുകൾ പുനരാരംഭിച്ചെങ്കിലും സാധാരണ നിലയിലാകാൻ ദിവസങ്ങൾ വേണ്ടിവന്നേക്കാം.
ഇന്നലെ യു.എ.ഇയിലെ വിമാനത്താവളങ്ങളിലെത്തിയ പലർക്കും ബുക്ക് ചെയ്ത വിമാനത്തിൽ യാത്ര ചെയ്യാനായില്ല. അടിയന്തരമായി പോകേണ്ടവരിൽ ചിലരെ അടുത്ത വിമാനങ്ങളിൽ കയറ്റിവിട്ടു. വിസ തീർന്ന് നാട്ടിലേക്കു മടങ്ങാനിരുന്നവരടക്കം വിമാനത്താവളങ്ങളിൽ കുടുങ്ങി. ഗൾഫ് രാജ്യങ്ങളിൽ ഈ മാസാവസാനം വേനലവധി തുടങ്ങുകയാണ്. എയർ ഇന്ത്യ സർവീസുകൾ ഇന്നു പുനരാരംഭിക്കുമെന്നാണ് അറിയിപ്പ്.
ഖത്തറിലെ യു.എസ് സൈനികത്താവളം ഇറാൻ ആക്രമിച്ചതിനെ തുടർന്ന് ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ വ്യോമപാത താത്കാലികമായി അടച്ചിരുന്നു. ഗൾഫ് വിമാനക്കമ്പനികളടക്കം സർവീസുകൾ നിറുത്തിവച്ചത് ഏറ്റവും ബാധിച്ചത് മലയാളികളെയാണ്.
കൊച്ചിയിൽനിന്ന് ഗൾഫിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ റൂട്ട് മാറ്റി വിടുകയോ ചെയ്‌തേക്കാമെന്ന് 'സിയാൽ" അറിയിച്ചു. യാത്രക്കാർ എസ്.എം.എസ്, ഇ മെയിൽ അറിയിപ്പുകൾ ശ്രദ്ധിക്കണം. അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റിലും വിവരങ്ങളുണ്ട്.
കൊച്ചിയിൽ 18
വിമാനങ്ങൾ റദ്ദാക്കി
നെടുമ്പാശേരി: ഗൾഫ് വ്യോമപാത അടച്ചതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ മുടങ്ങിയ വിമാന സർവീസുകൾ ഭാഗിമായി പുന:സ്ഥാപിച്ചു. എന്നാൽ ഖത്തറിലേക്കുള്ള വിമാനങ്ങളുടെ കാര്യത്തിൽ ഇനിയും തിരുമാനമായില്ല.
ഇൻഡിഗോയുടെ കൊച്ചി - ദുബായ് വിമാനം വൈകിട്ട് 6.50ന് യാത്ര തിരിച്ചു. എയർഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ ഇന്ന് പുലർച്ചെ മുതൽ സർവീസ് ആരംഭിക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
എയർ ഇന്ത്യയുടെ സർവീസുകൾ സംബന്ധിച്ചും കൃത്യത വന്നിട്ടില്ല. ഖത്തർ എയർവേയ്‌സ് ഇന്നും ദോഹയിലേക്ക് സർവീസ് നടത്തില്ല.
ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ 18 വിമാന സർവീസുകൾ റദ്ദാക്കി. ഇൻഡിഗോയുടെ ആറ് വിമാനങ്ങളും സ്‌പൈസ് ജെറ്റിന്റെ രണ്ട് വിമാനങ്ങളും എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങളും എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ആറ് വിമാനങ്ങളും ഖത്തർ എയർവേയ്‌സിന്റെ ഒരു വിമാനവുമാണ് റദ്ദാക്കിയത്. സർവീസ് നടത്തിയ പല വിമാനങ്ങളും മണിക്കൂറുകൾ വൈകി.
തിരുവനന്തപുരം വിമാനനത്താവളത്തിൽ പത്തിലധികം സർവ്വീസുകൾ റീഷെഡ്യൂൾ ചെയ്തു. ഇക്കാര്യം അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ നട്ടംതിരിഞ്ഞു. ജി.സി.സി രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ ഫ്‌ളൈറ്റിൽ യു.കെ, അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകാൻ എത്തിയവർക്കും യാത്ര ചെയ്യാനായില്ല.
ഖത്തർ, കുവൈറ്റ്, ജെസീറ, ഇത്തിഹാദ്, എയർഅറേബ്യ, ഗൾഫ് എയർ, ഇഡിഗോ, എയർഇന്ത്യ എന്നീ വിമാനക്കമ്പനികളുടെ സർവ്വീസുകാണ് റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |