നമ്മൾ ക്യാച്ചുകൾ കൈവിട്ടു, ഇംഗ്ളണ്ട് അടിച്ചുനേടി
ആദ്യ ടെസ്റ്റിൽ അപ്രതീക്ഷിത വിജയവുമായി ഇംഗ്ളണ്ട്, ഇന്ത്യയെ തോൽപ്പിച്ചത് 371 റൺസ് ചേസ് ചെയ്ത്
വിജയമൊരുക്കിയത് ബെൻ ഡക്കറ്റ്(149), സാക്ക് ക്രാവ്‌ലി(65) , ജോ റൂട്ട്(53*), ബെൻ സ്റ്റോക്സ്(33), ജാമീ സ്മിത്ത് (44*) എന്നിവർ ചേർന്ന്
1-0
അഞ്ചുമത്സര പരമ്പരയിൽ ഇംഗ്ളണ്ട് മുന്നിൽ
രണ്ടാം ടെസ്റ്റ് ജൂലായ് 2 മുതൽ ബർമിംഗ്ഹാമിൽ
ലീഡ്സ് : ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാനദിവസം അസാദ്ധ്യമായ പോരാട്ടവീര്യം കാട്ടിയ ഇംഗ്ളണ്ടിന് അഞ്ചുവിക്കറ്റിന്റെ അപ്രതീക്ഷിത വിജയം. 371 റൺസ് ലക്ഷ്യവുമായി 21/0 എന്ന സ്കോറിൽ ഇന്നലെ ഇന്നിംഗ്സ് തുടരാനെത്തിയ ഇംഗ്ളണ്ട് അഞ്ചുവിക്കറ്റുകൾ മാത്രം നഷ്ടമാക്കിയാണ് ലക്ഷ്യത്തിലെത്തിയത്. തകർപ്പൻ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റും (149) അർദ്ധസെഞ്ച്വറി നേടിയ സാക്ക് ക്രാവ്‌ലി(65)യും ജോ റൂട്ടും (53) 33 റൺസ് നേടിയ നായകൻ ബെൻ സ്റ്റോക്സും 44 റൺസുമായി പുറത്താകാതെനിന്ന ജാമീ സ്മിത്തുമാണ് ആതിഥേയർക്ക് അതുല്യ വിജയമൊരുക്കിയത്. ഇതോടെ അഞ്ചുമത്സര പരമ്പരയിൽ ഇംഗ്ളണ്ട് 1-0ത്തിന് മുന്നിലെത്തി.
ഇംഗ്ളണ്ട് ഓപ്പണിംഗിൽ 188 റൺസ് അടിച്ചുകൂട്ടി ഇന്ത്യയുടെ വിജയ സാദ്ധ്യതകൾ തുലാസിലാക്കി. തകർപ്പൻ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റും (149) അർദ്ധസെഞ്ച്വറി നേടിയ സാക്ക് ക്രാവ്‌ലി(65)യുമാണ് ഇംഗ്ളണ്ടിനായി ചെറുത്തുനിന്നത്.
ലഞ്ചിന് ശേഷം കുറച്ചുസമയം പെയ്ത മഴ അധികം നീളാതിരുന്നതോടെ മത്സരത്തിന് മേൽ സമനിലയുടെ കാർമേഘങ്ങൾ പരന്നിരുന്നു. എന്നാൽ മഴമാറുകയും ഇംഗ്ളീഷുകാരുടെ വീര്യം തെളിയുകയും ചെയ്‌തതോടെ മത്സരത്തിന്റെ വിധിമാറി.
ഇംഗ്ളണ്ടിനെ ആൾഔട്ടാക്കി വിജയം ആഘോഷിക്കാൻ കച്ചകെട്ടിയിറങ്ങിയ ഇന്ത്യൻ ബൗളർമാരെ അസ്ത്രപ്രഞ്ജരാക്കുന്ന ബാറ്റിംഗാണ് ഡക്കറ്റും ക്രാവ്‌ലിയും ചേർന്ന് കാഴ്ചവച്ചത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷണയും രണ്ടുവിക്കറ്റ് വീഴ്ത്തിയ സിറാജുമൊക്കെ ഇന്നലത്തെ ആദ്യസെഷനിൽ തീർത്തും നിസഹായരായി മാറി. സമനിലയല്ല വിജയം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നുറപ്പിച്ചാണ് ഡക്കറ്റും ക്രാവ്‌ലിയും ബാറ്റുചെയ്തത്.ഇന്നിംഗ്സിലെ 25-ാം ഓവറിൽ അവർ ടീമിനെ 100 കടത്തി. നേരിട്ട 66-ാമത്തെ പന്തിൽ അർദ്ധ സെഞ്ച്വറിയിലെത്തിയ ഡക്കറ്റായിരുന്നു കൂടുതൽ അപകടകാരി. 117/0 എന്ന സ്കോറിനാണ് ലഞ്ചിന് പിരിഞ്ഞത്.
ലഞ്ചിന് ശേഷവും ഇംഗ്ളീഷ് ഓപ്പണർമാർ സമീപനത്തിൽ ഒരു മാറ്റവും വരുത്തിയില്ല. സാക്ക് ക്രാവ്‌ലി അർദ്ധ സെഞ്ച്വറി കടന്നപ്പോഴേക്കും ഡക്കറ്റ് സെഞ്ച്വറിക്കരികിലെത്തിയിരുന്നു. അധികം വൈകാതെ നേരിട്ട 121-ാമത്തെ പന്തിൽ ഡക്കറ്റ് സെഞ്ച്വറി നേടുകയും ചെയ്തു. ടീം സ്കോർ 181ലെത്തിയപ്പോഴേക്കും മഴപെയ്തു. മഴമാറിമടങ്ങിയെത്തിയപ്പോൾ ക്രാവ്‌ലിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്ക് ആശ്വാസം പകർന്നു. കെ.എൽ രാഹുലിനായിരുന്നു ക്യാച്ച്. ഒല്ലീ പോപ്പിനെക്കൂട്ടി ഡക്കറ്റ് ഇംഗ്ളണ്ടിനെ 200കടത്തി. 206ലെത്തിയപ്പോൾ പോപ്പിന്റെ കുറ്റി എറിഞ്ഞിട്ട് പ്രസിദ്ധ് വീണ്ടും പ്രഹരമേൽപ്പിച്ചു. എന്നാൽ ഒരറ്റത്ത് ഡക്കറ്റ് മഹാമേരുപോലെ നിന്നത് ഇംഗ്ളണ്ടിന് ആത്മവിശ്വാസം പകർന്നു.ടീം സ്കോർ 253ലെത്തിയപ്പോഴാണ് ഡക്കറ്റിനെ വീഴ്ത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. 170 പന്തുകളിൽ 21 ഫോറുകളും ഒരു സിക്സുമടക്കം 149 റൺസ് നേടിയ ഡക്കറ്റിനെ ശാർദൂൽ താക്കൂർ പകരക്കാരൻ ഫീൽഡർ നിതീഷിന്റെ കൈയിലെത്തിക്കുകയായിരുന്നു. തൊട്ടടുത്തപന്തിൽ താക്കൂർ ഹാരി ബ്രൂക്കിനെ(0) റിഷഭ് എന്തിന്റെ കയ്യിലെത്തിച്ചതോടെ ഇംഗ്ളണ്ട് 254/4 എന്ന നിലയിലായി. 269/4 എന്ന നിലയിൽ ചായയ്ക്ക് പിരിഞ്ഞശേഷം സ്റ്റോക്സും റൂട്ടും ചേർന്ന് 302ലെത്തിച്ചു. അവിടെവച്ച് സ്റ്റോക്സ് മടങ്ങിയെങ്കിലും പകരമെത്തിയ ജാമീ സ്മിത്ത് റൂട്ടിന് പിന്തുണ നൽകിയതോടെ കളിയുടെ കാര്യത്തിൽ തീരുമാനമായി.
371
റൺസ് ചേസ് ചെയ്താണ് ഇംഗ്ളണ്ട് ജയിച്ചത്. ലീഡ്സിലെ ഇംഗ്ളണ്ടിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചേസിംഗ് ജയം.1948 ൽ ഇതേവേദിയിൽ ഓസീസിനെതിരെ 404 റൺസ് ചേസ് ചെയ്ത് ജയിച്ചിട്ടുണ്ട്.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് : 471
യശസ്വി 101 , ഗിൽ 147, പന്ത് 134
ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് : 365
ഒല്ലീ പോപ്പ് 106, ഹാരി ബ്രൂക്ക് 99
ജസ്പ്രീത് ബുംറ 5/83
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് : 364
കെ.എൽ രാഹുൽ 137, പന്ത് 118
ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ് : 373/5
ഡക്കറ്റ് 149, ക്രാവ്‌ലി 65 ,റൂട്ട് 53
മാൻ ഒഫ് ദ മാച്ച് : ബെൻ ഡക്കറ്റ്
9/7ഇന്ത്യ അവസാനമായി കളിച്ച ഒൻപത് ടെസ്റ്റുകളിൽ ഏഴാം തോൽവി. ഈ ഏഴ് തോൽവികളും കോച്ച് ഗംഭീറിന് കീഴിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |