ലണ്ടൻ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം.കുറച്ചുകാലമായി ലണ്ടനിലായിരുന്നു താമസം.
ബിഷൻ സിംഗ് ബേഡി വിരമിച്ച ശേഷം ഇന്ത്യൻ ടീമിലേക്ക് എത്തിയ ഇടംകൈയൻ സ്പിന്നറായിരുന്ന ദോഷി 1979-83 കാലഘട്ടത്തിൽ 33 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റിൽ114 വിക്കറ്റുകളാണ് നേടിയത്. ഇന്ത്യൻ സ്പിൻ പിച്ചുകളിൽ മിന്നിത്തിളങ്ങിയ ദോഷി 28 ടെസ്റ്റുകളിൽ നിന്ന് 100 വിക്കറ്റുകൾ തികച്ചു. ആറ് തവണ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. 1981ൽ മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയ്ക്ക് എതിരെ കാലിന് പരിക്കേറ്റിട്ടും ബൗൾ ചെയ്ത് അഞ്ചുവിക്കറ്റ് വീഴ്ത്തിയതാണ് മറക്കാനാകാത്ത നേട്ടം.
ഏകദിനത്തിൽ 22 വിക്കറ്റും നേടി.238 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് 898 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടിൽ ജനിച്ച ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ശ്രദ്ധനേടിയത്. 1979-ൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റംകുറിച്ചത്. 1983ൽ പാകിസ്ഥാനെതിരെ ബംഗളുരുവിലായിരുന്നു അവസാന ടെസ്റ്റ്. ദോഷിയുടെ നിര്യാണത്തിൽ മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ,രവി ശാസ്ത്രി തുടങ്ങിയവർ അനുശോചിച്ചു.1990ലെ ഇംഗ്ളണ്ട് പര്യടനത്തിനായി ലണ്ടനിലെത്തിയപ്പോൾ തനിക്ക് നെറ്റ്സിൽ ദുലീപ് ദോഷി പന്തെറിയാൻ എത്തിയത് സച്ചിൻ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |