ഹേഗ്: യു.എസ് ആക്രമണം ഇറാന്റെ ആണവ കേന്ദ്രങ്ങളെ കാര്യമായി ബാധിച്ചില്ലെന്ന റിപ്പോർട്ടുകൾ തള്ളി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവ ശേഷി പൂർണമായും നശിപ്പിച്ചെന്നും ആണവ ശേഷിയിൽ ഇറാൻ ഇപ്പോൾ പതിറ്റാണ്ടുകൾ പിന്നിലായെന്നും നെതർലൻഡ്സിലെ ഹേഗിൽ നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ ഏജന്റുമാർ ഫോർഡോ ആണവ കേന്ദ്രത്തിന് സമീപമെത്തി ദൗത്യം വിജയിച്ചെന്ന് ഉറപ്പാക്കിയെന്നും അവകാശപ്പെട്ടു.
ആണവ ശേഷി ഇല്ലാതാക്കിയെന്ന വാദത്തിൽ സംശയമുളവാക്കുന്ന തരത്തിലെ പെന്റഗണിന്റെ പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് ചില യു.എസ് മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ദൗത്യങ്ങളിൽ ഒന്നിനെ താഴ്ത്തിക്കാട്ടുകയാണ് റിപ്പോർട്ടുകളുടെ ലക്ഷ്യമെന്ന് ആരോപണങ്ങൾ തള്ളിക്കൊണ്ട് ട്രംപ് പറഞ്ഞു.ഫോർഡോയ്ക്ക് നാശം സംഭവിച്ചെങ്കിലും അതിന്റെ തോത് വ്യക്തമായിട്ടില്ലെന്ന് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി പറയുന്നു.
# യുറേനിയം സുരക്ഷിതം ?
യു.എസ് ആക്രമണത്തിന് ഇറാന്റെ ആണവ പദ്ധതിയെ പൂർണമായും തകർക്കാനായില്ലെന്ന് പ്രാഥമിക ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശം. മറിച്ച് പദ്ധതിയുടെ പുരോഗതിയെ 'ഏതാനും മാസങ്ങൾ" പിന്നിലേക്ക് കൊണ്ടുപോകാനായെന്നും റിപ്പോർട്ട്
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരവും ഭൂഗർഭ കെട്ടിടങ്ങളും പൂർണമായും തുടച്ചുനീക്കാനായിട്ടില്ലെന്നും പറയുന്നു
രഹസ്യ റിപ്പോർട്ടിലെ വിവരങ്ങൾ പ്രതിരോധ ഉറവിടങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ പുറത്തുവിട്ടു
ഇസ്രയേലുമായി സംഘർഷം തുടങ്ങുന്നതിന് മുന്നേ യുറേനിയം ശേഖരം ഇറാൻ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്
വിജയിച്ചെന്ന് ഇസ്രയേൽ,
ചർച്ചയ്ക്ക് തയ്യാറായി ഇറാൻ
ഇറാനുമായി 12 ദിവസം നടന്ന യുദ്ധത്തിൽ ചരിത്ര വിജയം നേടിയെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങൾ പുനർനിർമ്മിക്കാൻ അനുവദിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേ സമയം, യു.എസുമായി ആണവ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള നിയമപരമായ അവകാശങ്ങൾക്കായി വാദിക്കുമെന്നും കൂട്ടിച്ചേർത്തു. ഇറാനിൽ വ്യോമഗതാഗത നിയന്ത്രണം ഇന്ന് വൈകിട്ട് 4 വരെ തുടരും. അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസിയുമായുള്ള സഹകരണം നിറുത്താനുള്ള ബില്ലിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. പ്രസിഡന്റ് അദ്ധ്യക്ഷനായ സെക്യൂരിറ്റി കൗൺസിലിന്റെ അംഗീകാരം ലഭിച്ചാലേ പ്രാബല്യത്തിൽ വരൂ. ഇസ്രയേലിൽ ജെറുസലേമിലെ യു.എസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു. യു.എസ് - ഇറാൻ ആണവ ചർച്ച അടുത്ത ആഴ്ച നടക്കുമെന്നും ഇരുരാജ്യങ്ങളും ഒരു കരാറിൽ ഒപ്പിട്ടേക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
# 3 പേരെ തൂക്കിലേറ്റി
ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തനം നടത്തിയ മൂന്ന് പൗരന്മാരെ ഇറാൻ തൂക്കിലേറ്റി. ഇവർ രാജ്യത്തേക്ക് മാരകായുധങ്ങൾ കടത്താൻ ശ്രമിച്ചെന്നും ആരോപിച്ചു. ഇന്നലെ രാവിലെ തുർക്കി അതിർത്തിയോട് ചേർന്ന ഉർമിയ നഗരത്തിലാണ് വധശിക്ഷ നടപ്പാക്കിയത്.
# ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് ശ്രമം പരാജയം
വാഷിംഗ്ടൺ: ഇറാനിലെ ആണവകേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിന്റെ പേരിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ യു.എസ് ജനപ്രതിനിധി സഭയിൽ നടന്ന ഇംപീച്ച്മെന്റ് ശ്രമം പരാജയം. കോൺഗ്രസിന്റെ സമ്മതമില്ലാതെ ആക്രമണം നടത്തിയെന്ന് കാട്ടി ടെക്‌സസിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗം അൽ ഗ്രീൻ ആണ് ഇംപീച്ച്മെന്റ് ആവശ്യപ്പെട്ടുള്ള പ്രമേയം മുന്നോട്ടുവച്ചത്.
ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ തോമസ് മാസിയും പ്രമേയത്തെ പിന്തുണച്ചിരുന്നു. എന്നാൽ ഡെമോക്രാറ്റിക് അംഗങ്ങൾ അടക്കം 344 പേർ പ്രമേയത്തെ എതിർത്തു. 79 പേർ മാത്രമാണ് അനുകൂലിച്ചത്. അൽ ഗ്രീനിന്റെ നീക്കത്തോട് ഡെമോക്രാറ്റിക് അംഗങ്ങൾക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. വോട്ടിനെ ഉപയോഗ ശൂന്യമെന്നും അനവസരമെന്നുമാണ് ഡെമോക്രാറ്റുകൾ വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |