മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചത് അഞ്ചാം ക്ളാസുകാരനായ ഇന്ത്യൻ വിദ്യാർത്ഥി ആരിത് കപിൽ
മുംബയ് : ഇന്ത്യൻ ചെസ് ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം ആരിത് കപിൽ എന്ന അഞ്ചാം ക്ളാസുകാരനാണ്. ചെസ് ഇതിഹാസം മാഗ്നസ് കാൾസനെ സമനിലയിൽ പിടിച്ചതാണ് ആരിതിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഓൺലൈനായി നടക്കുന്ന ടൈറ്റിൽഡ് ട്യൂസ്ഡേയ്സ് ടൂർണമെന്റിലാണ് അഞ്ചുവട്ടം ലോകചാമ്പ്യനായ കാൾസനെ കഴിഞ്ഞദിവസം ആരിത് സമനിലയിൽ തളച്ചത്. ഒരു ഘട്ടത്തിൽ കാൾസനെ തോൽപ്പിച്ചേക്കും എന്ന നിലയിലേക്കുവരെ എത്തിയശേഷമാണ് 10വയസുകാരനായ ആരിത് സമനില വഴങ്ങിയത്. 49-ാം മിനിട്ടിലാണ് കാൾസൻ സമനില സമ്മതിച്ചത്.
ന്യൂഡൽഹി മയൂർ വിഹാറിലെ സോമർവില്ലെ സ്കൂളിലെ വിദ്യാർത്ഥിയായ ആരിതിന് അഞ്ചുവയസുള്ളപ്പോൾ ചേച്ചിയാണ് ചെസിന്റെ ബാലപാഠങ്ങൾ പകർന്നുനൽകിയത്. ഒറ്റയാഴ്ചകൊണ്ട് വീട്ടിലുള്ളവരെയൊക്കെ തോൽപ്പിച്ച് മിടുക്ക് കാട്ടിയപ്പോഴാണ് പരിശീലനത്തിനുവിട്ടത്. ഇന്റർനാഷണൽ മാസ്റ്റർ വിശാലിന് സരീന് കീഴിലുള്ള പരിശീലനമാണ് പ്രൊഫഷണൽ താരമാക്കി മാറ്റിയത്. ഇപ്പോൾ ജോർജിയയിൽ വേൾഡ് അണ്ടർ 10 കേഡറ്റ് ചെസ് ടൂർണമെന്റിൽ പങ്കെടുക്കുകയാണ് ആരിത്. അവിടെയിരുന്നാണ് ഓൺലൈനിൽ കാൾസനുമായി കളിച്ചത്.
ഫിഡേ ടൈറ്റിലുകൾ നേടിയിട്ടുള്ള മികച്ച താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ടൈറ്റിൽഡ് ട്യൂസ്ഡേയ്സ്. കാൾസണെക്കൂടാതെ ഹിക്കാരു നക്കാമുറ,ഫാബിയാനോ കരുവാന, മുൻ ലോക ചാമ്പ്യൻ വ്ളാഡിമർ ക്രാംനിക്ക് തുടങ്ങിയവർ കളിക്കുന്ന ടൂർണമെന്റിൽ കാൻഡിഡേറ്റ് മാസ്റ്ററായാണ് ആരിതിന് പ്രവേശനം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |