ഇന്ത്യ - ഇംഗ്ളണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ജൂലായ് രണ്ടുമുതൽ ബർമിംഗ്ഹാമിൽ
ആദ്യ ടെസ്റ്റിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ഇന്ത്യ
ബർമിംഗ്ഹാം : ആദ്യ ടെസ്റ്റിൽ കയ്യിലിരുന്ന കളി കൊണ്ടുകളഞ്ഞ് തോൽവി ക്ഷണിച്ചുവരുത്തിയ നാണക്കേടിൽ നിന്ന് കരകയറാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ളണ്ടിന് എതിരായ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്നു. ബുധനാഴ്ച ബർമിംഗ്ഹാമിലാണ് അഞ്ചുമത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ്.
പുതിയ നായകൻ ശുഭ്മാൻ ഗില്ലിന് കീഴിലിറങ്ങിയ ആദ്യ മത്സരത്തിൽതന്നെ തോൽക്കേണ്ടിവന്നത് ടീമിന് ആകെ സമ്മർദ്ദം ഉയർത്തിയിട്ടുണ്ട്. രണ്ട് ഇന്നിംഗ്സുകളിലുമായി അഞ്ച് സെഞ്ച്വറികൾ പിറക്കുകയും ആകെ 835 റൺസ് നേടുകയും ചെയ്യേണ്ടിവന്നിട്ടും തോറ്റുപോയി എന്നതാണ് ഏറെ വിഷമകരം. മുഖ്യപരിശീലകനായി സ്ഥാനമേറ്റശേഷം അവസാനം നടന്ന ഒൻപത് ടെസ്റ്റുകളിൽ ഏഴെണ്ണത്തിലും തോൽവി വഴങ്ങേണ്ടിവന്നത് ഗൗതം ഗംഭീറിനേയും നാണം കെടുത്തുന്നു. ഇതിൽ നിന്നൊക്കെ രക്ഷനേടാൻ ഒരു മികച്ചവിജയം തന്നെ വേണം എന്ന സ്ഥിതിയിലാണ് ഇന്ത്യ.
1. ആദ്യ ടെസ്റ്റിൽ അൽപ്പമെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയെ രണ്ടാം ടെസ്റ്റിൽ വിശ്രമിക്കാൻ വിടുന്ന കാര്യം സംശയമാണ്. വർക്ക്ലോഡ് മാനേജ് ചെയ്യാനായി ബുംറയെ രണ്ടും നാലും ടെസ്റ്റുകളിൽ കളിപ്പിക്കാതിരിക്കാനുള്ള ആദ്യ തീരുമാനത്തിൽ മാറ്റമുണ്ടായേക്കും.
2. ആദ്യടെസ്റ്റിലെ പ്ളേയിംഗ് ഇലവനിൽ നിന്ന് കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് സൂചന. ബൗളിംഗിലും ബാറ്റിംഗിലും മികവ് കാട്ടാത്ത ശാർദൂൽ താക്കൂറിനെ മാറ്റി നിതീഷ് കുമാർ റെഡ്ഡിയെ കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുൽദീപ് യാദവിനെ സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഇറക്കാനും തീരുമാനിച്ചേക്കും.
3.ടെസ്റ്റ് ഫോർമാറ്റിൽ ക്യാപ്ടനായി പരിചയക്കുറവുള്ളത് ഗില്ലിൽ നിഴലിക്കുന്നുണ്ട്. ഇതിലും ശരാശരി കളിക്കാരുമായി 2021ൽ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ പരമ്പര നേടിയപ്പോൾ നിർണായകമായത് അജിങ്ക്യ രഹാനെയുടെ ക്യാപ്‌ടൻസിയാണ്. ക്യാപ്ടൻസിക്ക് ടെസ്റ്റിൽ നിർണായക റോളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |