തിരുവനന്തപുരം : കെനിയയിൽ നടന്ന ജൂനിയർ റോൾ ബാൾ വേൾഡ് കപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളിത്തിളക്കമാണ് തിരുവനന്തപുരം സ്വദേശി ഗൗരവ് ഉണ്ണികൃഷ്ണൻ. തിരുവനന്തപുരത്തെ കിഡ്‌സ് ലാൻഡ് സ്‌കേറ്റിംഗ് അക്കാഡമിയിലെ കോച്ച് എ. നാസറിനു കീഴിലാണ് ഗൗരവിന്റെ പരിശീലനം.ജൂൺ 22 മുതൽ 27 വരെയായിരുന്നു കെനിയയിൽ ലോകകപ്പ് നടന്നത്.
ഈ വർഷത്തെ നാഷണൽ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് ഗൗരവിന് ലോകകപ്പിലേക്ക് വഴിതുറന്നത്. തിരഞ്ഞെടുക്കപ്പെട്ട 50 പേരെ പങ്കെടുപ്പിച്ച് നടത്തിയ ക്യാമ്പിൽ നിന്നാണ് സെലക്ഷൻ ലഭിച്ചത്. ലോകകപ്പിനു മുമ്പ് മുംബൈയിൽ പ്രത്യേക ക്യാമ്പും നടത്തിയിരുന്നു.12 രാജ്യങ്ങളാണ് കെനിയയിൽ നടന്ന കപ്പിൽ മത്സരിച്ചത്. ആതിഥേയരായ കെനിയയെ ഫൈനലിൽ 5-1ന് തോൽപ്പിച്ചാണ് ഇന്ത്യ കപ്പുയർത്തിയത്.
2017 മുതൽ മിനി, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ തിരുവനന്തപുരത്തെയും കേരളത്തെയും പ്രതിനിധീകരിച്ച ഗൗരവ് കേരള ടീം ക്യാപ്ടനുമായിരുന്നു.
മൂന്നാം ക്ലാസ് മുതലാണ് ഗൗരവ് സ്‌കേറ്റിംഗ് പഠിക്കാൻ തുടങ്ങിയത്. ലൊയോള സ്‌കൂളിൽ സ്‌കേറ്റിംഗ് പഠിപ്പിച്ചിരുന്ന അധ്യാപകനാണ് ഗൗരവിലെ കഴിവ് തിരിച്ചറിഞ്ഞത്. പിതാവ് ഡോ. ഉണ്ണികൃഷ്ണനും അമ്മ രഞ്ജി.കെ. രാജനും നൽകിയ പിന്തുണയാണ് ഈ മേഖലയിലേക്ക് തിരിയാൻ കരുത്തുപകർന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങി രണ്ടുവർഷം കഴിഞ്ഞപ്പോൾ ഗൗരവിന് സംസ്ഥാന സ്‌കേറ്റിംഗ് ചാമ്പ്യനാകാൻ കഴിഞ്ഞിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഗൗരവിന്റെ അച്ഛൻ ഉണ്ണികൃഷ്ണന്‍. അമ്മ രഞ്ജി.കെ. രാജൻ പുലയനാർകോട്ട സി.ഡി.എച്ചിലെ ഡെപ്യൂട്ടി സൂപ്രണ്ടാണ്. രണ്ടു മക്കളിൽ ഇളയ ആളാണ് ഗൗരവ്. ജ്യേഷ്ഠൻ ഗോവിന്ദ് ഉണ്ണികൃഷ്ണൻ എന്‍ട്രന്‍സ് പരീക്ഷ എഴുതിയിരിക്കുകയാണ്. ലയോള സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് ഗൗരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |