കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടി, ദാക്ഷായാണി വേലായുധൻ, പ്രൊഫ. പി.എസ്. വേലായുധൻ, തപസ്വിനിയമ്മ തുടങ്ങിയ പ്രമുഖർ എറണാകുളം മഹാരാജാസ് കോളേജ് ബിരുദ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയം.
രണ്ടാം വർഷ ബിരുദവിദ്യാർത്ഥികൾക്കുള്ള മലയാള സിനിമയുടെ ചരിത്രത്തിലാണ് മമ്മൂട്ടി പാഠ്യവിഷയമാകുന്നത്. നാലുവർഷ ബി.എ ഓണേഴ്സ് സിലബസിൽ ഉൾപ്പെടുത്തിയ കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ദാക്ഷായണി വേലായുധൻ ഇടം പിടിച്ചത്. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയ മുളവുകാട് സ്വദേശി ദാക്ഷായണി വേലായുധൻ, പട്ടികജാതി വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യബിരുദധാരിയും ഇന്ത്യൻ നിയമനിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാളുമായിരുന്നു.
ചിന്തകന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും എന്ന പേപ്പറിലാണ് ഇതേ കോളേജിലെ പിന്നാക്ക വിഭാഗക്കാരനായ ആദ്യ പ്രിൻസിപ്പൽ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച പ്രൊഫ. പി.എസ്.വേലായുധൻ ഇടം നേടിയത്.
ആശ്രയമില്ലാത്ത സ്ത്രീകൾക്കുവേണ്ടി എറണാകുളത്ത് അബലാശരണം, ശ്രീനാരായണ വിദ്യാർത്ഥിനി സദനം (എസ്.എൻ.വി) എന്നിവ സ്ഥാപിച്ച തപസ്വിനിയമ്മ, ഭാഷാപണ്ഡിതനും മിഷനറി പ്രവർത്തകനുമായിരുന്ന ജർമ്മൻകാരനായ ഏൺസ്റ്റ് ഹാൻക്സ്ലെഡൻ എന്ന അർണോസ് പാതിരി, ജൂതസമൂഹ പരിഷ്കർത്താക്കളായിരുന്ന എബ്രഹാം സലേം, എസ്.എസ്. കോഡർ, ആലുവയിൽ മുസ്ലിം സമുദായത്തിനുവേണ്ടി കോളേജ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ ഹമദാനി തങ്ങൾ, കേരളത്തിൽ അഭിഭാഷകയായ ആദ്യ മുസ്ലിം വനിത ഫാത്തിമ റഹ്മാൻ, കൊച്ചിയിലെ നിരവധി ദളിത് സമരപോരാട്ടങ്ങളുടെ മുന്നണി പോരാളിയും കൊച്ചി നിയമസഭാംഗവുമായിരുന്ന കെ.പി.വള്ളോൻ എന്നിവരുടെ ജീവിതവും പാഠ്യവിഷയമാണ്. 2025-26 അദ്ധ്യയന വർഷം മുതൽ പുതിയ സിലബസ് പഠിപ്പിച്ചുതുടങ്ങും.
പിന്നാക്കക്കാരായ പെൺകുട്ടികൾക്ക് കോളേജ് ഹോസ്റ്റലുകളിൽ അയിത്തം കല്പിച്ച് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് തപസ്വിനിയമ്മ സ്ഥാപിച്ച ശ്രീനാരായണ വിദ്യാർത്ഥിനി സദനത്തിൽ താമസിച്ചാണ് ദാക്ഷായണി വേലായുധൻ ബിരുദം നേടിയത്. എസ്.എൻ.വി സദനത്തിന്റെ പ്രസിഡന്റായി 39 വർഷം പ്രവർത്തിച്ചിട്ടുണ്ട് പ്രൊഫ. പി.എസ്. വേലായുധൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |