മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് അൽ ഹിലാൽ
ക്ളബ് ലോകകപ്പ് പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-3ന് അട്ടിമറിച്ച് അൽ ഹിലാൽ
ഒരു ഇംഗ്ളീഷ് ക്ളബിനെ തോൽപ്പിക്കുന്ന ആദ്യ സൗദി ക്ളബായി അൽ ഹിലാൽ
ഓർലാൻഡോ : അമേരിക്കയിൽ നടക്കുന്ന ക്ളബ് ലോകകപ്പ് ഫുട്ബാളിൽ അമ്പരപ്പിക്കുന്ന വിജയവുമായി സൗദി ക്ളബ് അൽ ഹിലാൽ. യൂറോപ്യൻ ഫുട്ബാളിലെ വമ്പന്മാരായ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയെ പ്രീ ക്വാർട്ടറിൽ മൂന്നിനെതിരെ നാലുഗോളുകൾക്കാണ് അൽ ഹിലാൽ അട്ടിമറിച്ചത്. ഇതോടെ ഒരു ഇംഗ്ളീഷ് ക്ളബിനെ തോൽപ്പിക്കുന്ന ആദ്യ സൗദി ക്ളബായി അൽ ഹിലാൽ ചരിത്രം കുറിച്ചു.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്നിരുന്ന അൽ ഹിലാൽ നിശ്ചിത സമയം പൂർത്തിയാകുമ്പോൾ 2-2ന് സമനില പിടിച്ച് കളി അധികസമയത്തേക്ക് നീട്ടി. എക്സ്ട്രാ ടൈമിൽ രണ്ടുവട്ടം സിറ്റിയുടെ വലകുലുക്കിയാണ് അൽ ഹിലാൽ ചരിത്ര വിജയം നേടിയെടുത്തത്. മത്സരത്തിൽ കൂടുതൽ സമയം പന്ത് സ്വന്തമാക്കിയിരുന്നതും കൂടുതൽ ഷോട്ടുകൾ ഉതിർത്തതും സിറ്റിയായിരുന്നെങ്കിലും അൽ ഹിലാലിന്റെ മൊറോക്കൻ ഗോളി യാസീൻ ബോനോയുടെ അസാദ്ധ്യപ്രകടനമാണ് ഇംഗ്ളീഷ് ക്ളബിന് തിരിച്ചടിയായത്. അൽ ഹിലാലിന് വേണ്ടി ആദ്യ ഗോളും അവസാനഗോളും നേടി മാർക്കോസ് ലിയനാഡോ ഹീറോയായപ്പോൾ മാൽക്കോമും കൗലിബാലിയും ഓരോ ഗോൾ നേടി.
9-ാം മിനിട്ടിൽ ബെർനാഡോ സിൽവയിലൂടെ സിറ്റിയാണ് സ്കോറിംഗ് തുടങ്ങിവച്ചത്. തുടർന്ന് ആദ്യ പകുതിയിൽ നിരവധി തവണ അൽ ഹിലാലിന്റെ ബോക്സിനുള്ളിൽ പന്തെത്തിയെങ്കിലും ഫിനിഷ് ചെയ്യാൻ സിറ്റി താരങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിൽ തന്നെ ലിയനാഡോയിലൂടെ അൽ ഹിലാൽ സമനില പിടിച്ചു. 52-ാം മിനിട്ടിൽ മാൽക്കോമും വലകുലുക്കിയതോടെ അൽ ഹിലാൽ മുന്നിലെത്തി. എന്നാൽ 55-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡ് സമനിലയിലാക്കി. നിശ്ചിത സമയം പൂർത്തിയാകുംവരെ ഈ സ്ഥിതിയിൽ മാറ്റമുണ്ടായില്ല. അധിക സമയത്തിന്റെ നാലാം മിനിട്ടിൽ കൗലിബാലി അൽഹിലാലിനായി മൂന്നാം ഗോൾ നേടിയപ്പോൾ 104-ാം മിനിട്ടിൽ ഫിൽ ഫോഡൻ സിറ്റിയുടെ മൂന്നാം ഗോൾ നേടി. എന്നാൽ 112-ാം മിനിട്ടിലെ ലിയനാഡോയുടെ ഗോൾ കളിയുടെ വിധിയെഴുതി.
മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനെ 2-0ത്തിന് അട്ടിമറിച്ച ബ്രസീലിയൻ ക്ളബ് ഫ്ളൂമിനെൻസാണ് വെള്ളിയാഴ്ച രാത്രി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അൽ ഹിലാലിന്റെ എതിരാളികൾ.മൂന്നാം മിനിട്ടിൽ ഹെർൻ കാനോയും ഇൻജുറി ടൈമിൽ ഹെർക്കുലീസും നേടിയ ഗോളുകൾക്കാണ് ഫ്ളൂമിനെൻസ് ഇന്ററിനെ കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |