ബാങ്കോക്ക്: ഒരു അങ്കിൾ വിളിയിൽ വെട്ടിലായിരിക്കുകയാണ് തായ്‌ലൻഡ് പ്രധാനമന്ത്രി. പേതോംഗ്‌താൻ ഷിനവത്രയെ (38) ഭരണഘടനാ കോടതി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയും നിലവിലെ സെനറ്റ് പ്രസിഡന്റുമായ ഹുൻ സെന്നുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്നതാണ് വിവാദങ്ങളുടെ തുടക്കം. തായ്‌ലൻഡ്-കംബോഡിയ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട സംസാരത്തിനിടെ സെന്നിനെ 'അങ്കിൾ" എന്ന് വിളിച്ച ഷിനവത്ര തായ് സൈന്യത്തെ വിമർശിക്കുകയും ചെയ്തു. ഇതോടെ വൻ പ്രതിഷേധമുയർന്നു. മാപ്പ് പറഞ്ഞെങ്കിലും രാജ്യത്തിന് വേണ്ടിയാണ് സംസാരിച്ചതെന്ന് വിശദീകരിച്ചെങ്കിലും ഷിനവത്ര ജനരോഷം ഉയരുകയാണ്. ഷിനവത്രയെ പുറത്താക്കണമെന്നുള്ള പരാതികൾ ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ്. ഇതോടെ ഷിനവത്ര സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി. ഭരണസഖ്യത്തിൽ വിള്ളൽ വിണു. പ്രധാന കക്ഷികളിൽ ഒന്ന് കഴിഞ്ഞ ആഴ്ച സഖ്യം വിട്ടതോടെ സർക്കാരിന്റെ ഭൂരിപക്ഷം ഇടിഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും സാംസ്കാരിക മന്ത്രി എന്ന നിലയിൽ ഷിനവത്ര ക്യാബിനറ്റിൽ തുടരും. ഉപപ്രധാനമന്ത്രി സൂര്യ ജ്വാഗ്രൂങ്ങ് റുവാങ്ങ്കിറ്റാണ് ആക്ടിംഗ് പ്രധാനമന്ത്രി.
# സൈന്യത്തെ തള്ളി, കുരുക്കായി
തായ്‌ലൻഡും കംബോഡിയയും തമ്മിൽ ദശാബ്ദങ്ങളായി അതിർത്തി തർക്കമുണ്ട്. മേയിൽ ഏറ്റുമുട്ടലിനിടെ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതി വഷളായി
വിഷയം ചർച്ച ചെയ്യാൻ ഷിനവത്ര ഹുൻ സെന്നുമായി ജൂൺ 15ന് ഫോൺ സംഭാഷണം നടത്തി. ഇത് ചോർന്നതോടെ വിവാദം. സെന്നിനെ പ്രീതിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച ഷിനവത്ര തായ് മിലിട്ടറിയെ തള്ളിപ്പറഞ്ഞെന്ന് ആരോപണം. തായ് ആർമി കമാൻഡറെയും വിമർശിച്ചു. സെൻ ഷിനവത്രയുടെ കുടുംബ സുഹൃത്ത്
തന്റെ ഭാഗത്ത് തെറ്റില്ലെന്നും സംഘർഷവും മരണവും ഒഴിവാക്കാനാണ് താൻ സംസാരിച്ചതെന്നും ഷിനവത്ര
# പുറത്താകുമോ ?
പേതോംഗ്‌താൻ ഷിനവത്ര പുറത്തായാൽ ഒരു വർഷത്തിനിടെ സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാകും അവർ. ഷിനവത്രയുടെ ഫ്യൂ തായ് പാർട്ടിയിൽപ്പെട്ട സ്രേത്ത തവിസിനെ കഴിഞ്ഞ ആഗസ്റ്റിലാണ് ഭരണഘടനാ കോടതി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ജയിൽ ശിക്ഷ അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രി സ്ഥാനത്ത് നിയമിച്ചതിലൂടെ ഭരണഘടനാ ലംഘനം നടത്തിയെന്ന് കാട്ടിയായിരുന്നു നടപടി.
# ഷിനവത്ര - പ്രായം കുറഞ്ഞ പ്രധാനമന്ത്രി
തായ്‌ലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
ബിസിനസുകാരി. സമ്പന്ന
മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ മകൾ
തായ് പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിത. പേതോംഗ്‌താൻ ഷിനവത്രയുടെ പിതൃസഹോദരി യിംഗ്‌ലക്ക് ഷിനവത്രയാണ് ആദ്യ വനിതാ പ്രധാനമന്ത്രി
തക്‌സിനും യിംഗ്‌ലക്കും കാലാവധി പൂർത്തിയാകും മുന്നേ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |