വാഷിംഗ്ടൺ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലും തന്ത്രപ്രധാനമായ സെന്റ് പീറ്റേഴ്സ്ബർഗിലും ആക്രമണം നടത്താൻ യുക്രെയിനിനോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുക്രെയിന് ആയുധം നൽകാനുള്ള തീരുമാനമെടുത്തിന് പിന്നാലെ കഴിഞ്ഞ നാലിന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയോട് ഫോണിൽ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം ചോദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വൊളൊഡിമിർ, നിങ്ങൾക്ക് മോസ്‌കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ?' എന്ന് ട്രംപ് ഫോണിൽ സെലെൻസ്‌കിയോട് ചോദിച്ചതായാണ് റിപ്പോർട്ട്. യു.എസ് ആയുധങ്ങൾ തന്നാൽ തങ്ങൾക്ക് അതിന് തീർച്ചയായും കഴിയുമെന്ന് സെലെൻസ്‌കി മറുപടി പറഞ്ഞതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി സംസാരിച്ചതിനു ശേഷമാണ് ട്രംപ് സെലെൻസ്‌കിയെ വിളിച്ചത്. റഷ്യയോടുള്ള തന്റെ നിലപാട് മാറ്റത്തിന്റെ ഉദ്ദേശ്യം റഷ്യയെ വേദനിപ്പിക്കുക എന്നതാണെന്നും തുടർന്ന് ചർച്ചയ്ക്ക് നിർബന്ധിക്കുക എന്നതാണെന്നും ട്രംപ് സൂചന നൽകിയിരിക്കുന്നത്.
യുക്രെയിനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ പുട്ടിനെതിരേ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. യുക്രെയിനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് 50 ദിവസത്തെ സമയപരിധി നൽകിയ ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത പക്ഷം 100 ശതമാനം ഉപരോധം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
യുക്രെയിന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനമായ 'പാട്രിയോട്ട്' മിസെലുകൾ അമേരിക്ക നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. വളരെ നന്നായി സംസാരിക്കുന്ന ആളാണ് പുട്ടിനെന്നും എന്നാൽ, തൊട്ടുപിന്നാലെ എല്ലാവരെയും അയാൾ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് വിമർശിച്ചു. റഷ്യൻ നിലപാടിനോട് കടുത്ത നിരാശ പ്രകടിപ്പിച്ച ട്രംപ് യുക്രെയിന് സൈനികസഹായം നൽകുന്നതിനായി നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (നാറ്റോ) ഒരു കരാറും രൂപവത്കരിച്ചിട്ടുണ്ട്. മൂന്നുവർഷത്തോളമായി തുടരുന്ന റഷ്യ യുക്രെയിൻ സംഘർഷത്തിന് ഇനിയും അറുതിയായിട്ടില്ല. അടുത്തിടെ ഇത് രൂക്ഷമാവുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ ശ്രമമുണ്ടായെങ്കിലും വിജയം കണ്ടിരുന്നില്ല. തുടർന്നാണ് ട്രംപ് യുക്രെയിന് ആയുധം നൽകുന്നടക്കമുള്ള നീക്കങ്ങളിലേക്ക് കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |