മാഡ്രിഡ്: 2.3 കിലോഗ്രാം ചീസിന് 36 ലക്ഷം രൂപ! ഈ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ചീസ് പ്രേമികൾ. ഇതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ ചീസെന്ന ഖ്യാതിയും ഇതിന് കിട്ടി. 2.3 കിലോഗ്രാം സ്പാനിഷ് കാബ്രലെസ് ബ്ലൂ ചീസാണ്, 36 ലക്ഷത്തിന് വിറ്റ് ലോക റെക്കാർഡ് നേടിയത്. സ്‌പെയിനിലെ അസ്റ്റൂറിയാസിൽ നടന്ന ലേലത്തിലാണ് അതിശയിപ്പിക്കുന്ന വില്പന നടന്നത്.
സാധാരണ ചീസല്ല കാബ്രലെസ്. പശുവിൻ പാലിൽ നിന്ന് നിർമ്മിക്കുന്ന ബ്ലൂ ചീസ്,പിക്കോസ് ഡി യൂറോപ്പ് മലനിരകളിലെ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോസ് മാസോസ് ഗുഹയിലാണ് സൂക്ഷിക്കുന്നത്. ഗുഹയിലെ തണുത്ത വായുവും ഈർപ്പവും ചീസിന് അതിന്റെ തനതായ രുചിയും പച്ചനീല നിറവും നൽകുന്നു.
എയ്ഞ്ചൽ ഡയസ് ഹെറേറോ ചീസ് കമ്പനിയാണ് ഇത്തവണത്തെ വിജയി. പരമ്പരാഗത രീതികൾ പിന്തുടരുന്ന കുടുംബ സംരംഭമായ എയ്ഞ്ചൽ ഡയസ് ഹെറേറോ ചീസ് ഫാക്ടറിയിലാണ് ചീസ് നിർമ്മിക്കുന്നത്. പത്ത് മാസം സൂക്ഷിച്ച ശേഷമാണ് മികച്ച ചീസ് തിരഞ്ഞെടുക്കുന്ന വാർഷിക കാബ്രലെസ് ചീസ് മത്സരത്തിൽ ഇവർ പങ്കെടുത്തുത്.
പതിനഞ്ച് നിർമ്മാതാക്കളിൽ നിന്നുള്ള ചീസുകൾ വിദഗ്ദ്ധരായ ടേസ്റ്റർമാരുടെ പാനൽ പരിശോധിച്ച ശേഷമാണ് വിജയിയെ തിരഞ്ഞെടുത്തത്. ചീസ് ലേലത്തിൽ സ്വന്തമാക്കിയത് എൽ ലഗാർ ഡി കൊളോട്ടോ എന്ന റെസ്റ്റോറന്റിന്റെ ഉടമയായ ഇവാൻ സുവാരസാണ്. തുടർച്ചയായ അഞ്ച് വർഷമായി ഏറ്റവും മികച്ച ചീസ് സ്വന്തമാക്കുന്നത് ഇദ്ദേഹമാണ്.
നിർമ്മാണ രീതിയിലാണ് കാബ്രലെസ് മുന്നിട്ടുനിൽക്കുന്നത്. പച്ച പാൽ കൈകൊണ്ടാണ് ഇളക്കുന്നത്. തുടർന്ന് ഇവ തുണിയിൽ പൊതിഞ്ഞ്, ഗുഹയിൽ സൂക്ഷിക്കും. ഗുഹയിലെ വായു, പാറകൾ, സൂക്ഷ്മാണുക്കൾ എന്നിവയുടെ ഗുണങ്ങൾ ചീസ് ആഗിരണം ചെയ്യുന്നു. ഈ പ്രക്രിയയാണ് ചീസിന് ക്രീമി ടെക്സ്ചറും രുചിയും നൽകുന്നത്.
ഇൻസ്റ്റന്റ് ഭക്ഷണങ്ങളുടെ കാലത്ത് സമയമെടുത്ത് ശ്രദ്ധയോടെ ഉണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണ ഉത്പന്നങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്നതാണ് കാബ്രലെസ് ചീസിനെ വിത്യസ്തമാക്കുന്നത്. കാത്സ്യം സമ്പുഷ്ടമായ കാബ്രലെസ് ചീസ്,മിതമായ അളവിൽ കഴിക്കുന്നത് ദഹനത്തിനും കുടൽ ആരോഗ്യത്തിനും സഹായിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |