വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും അടിയന്തര സാഹചര്യങ്ങളിൽ വിതരണം ചെയ്യുന്നതിനായി വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 500 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച് യു.എസ്. ഭക്ഷ്യ വസ്തുക്കളുടെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്നും നിലവിൽ തുടരുന്ന സഹായ വിതരണങ്ങളെ നീക്കം ബാധിക്കില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഏകദേശം 80 കോടി ഡോളർ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് കാലഹരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കുട്ടികൾക്കുള്ള ഹൈ എനർജി ബിസ്‌കറ്റ് അടക്കമുള്ളവ യു.എ.ഇയിലെ ദുബായ്‌യിലാണ് യു.എസ് സൈന്യം സൂക്ഷിച്ചിരുന്നത്. ഭക്ഷ്യ വസ്തുക്കൾ നശിപ്പിക്കുന്നതിന്റെ പേരിൽ ഡെമോക്രാറ്റിക് നേതാക്കൾ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.
യു.എസ് ഓരോ വർഷവും വിതരണം ചെയ്യുന്ന 10 ലക്ഷം മെട്രിക് ടൺ ഭക്ഷ്യ സഹായത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് നശിപ്പിക്കപ്പെട്ടതെന്നും, ഇവയ്ക്ക് പകരമായി പുതിയ ഭക്ഷ്യശേഖരം എത്തിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ ഭക്ഷ്യ സഹായങ്ങൾ വിതരണം ചെയ്യാനുള്ള യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിനെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് സഹായത്തിനെത്തിച്ച ഭക്ഷ്യശേഖരം വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായത്. കോടിക്കണക്കിന് ഡോളറിന്റെ വിദേശ സഹായം വെട്ടിക്കുറയ്ക്കാനും ട്രംപ് സർക്കാർ ലക്ഷ്യമിടുന്നു. ഗാസ, സുഡാൻ, സൗത്ത് സുഡാൻ, മാലി, ഹെയ്‌തി തുടങ്ങിയ ഇടങ്ങളിൽ ആളുകൾ പട്ടിണിയുടെ വക്കിൽ കഴിയുന്നതിനിടെയാണ് യു.എസിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |