ജാമ്യ നടപടികൾ പ്രതിസന്ധിയിൽ
ന്യൂഡൽഹി:ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകൾക്കെതിരെ മനുഷ്യക്കടത്തിന് പുറമെ നിർബന്ധിത മതപരിവർത്തനം ആരോപിക്കുന്ന വകുപ്പും ചേർക്കുകയും,ആരോപണങ്ങൾ ശരി വച്ച് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ഇന്നലെ രംഗത്തെത്തുകയും ചെയ്തതോടെ,കന്യാസ്ത്രീകളുടെ ജാമ്യ നടപടികൾ പ്രതിസന്ധിയിൽ.
പൊലീസ് കസ്റ്റഡിയിലുള്ള അങ്കമാലി ഇടവൂർ സഭാംഗമായ സിസ്റ്റർ പ്രീതി മേരി,കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ ആദ്യം മനുഷ്യക്കടത്താണ് ആരോപിച്ചിരുന്നത്.പിന്നീട് എഫ്.ഐ.ആറിൽ നിർബന്ധിത മത നിരോധന നിയമ പ്രകാരമുള്ള വകുപ്പ് കൂടി ചേർത്തു.ഇതേ തുടർന്ന്, കന്യാസ്ത്രീകൾക്ക് ജാമ്യം തേടാനുള്ള നടപടികൾ നീട്ടി വച്ചു.ഇതിന് പിന്നാലെയാണ് ,അറസ്റ്റിലായ കന്യാസ്തീകൾക്കെതിരെ ചുമത്തിയ കടുത്ത ആരോപണങ്ങൾ ശരി വച്ച് മുഖ്യമന്ത്രി തന്നെ എത്തിയത്.നാരായൺപൂരിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളെ നഴ്സിംഗ് പരിശീലനവും
വാഗ്ദാനം ചെയ്ത് ദുർഗ് റെയിൽവേ സ്റ്റേഷനിലെത്തിച്ച് രണ്ട് കന്യാസ്ത്രീകൾക്ക് കൈമാറിയെന്നും,അവരെ പ്രലോഭിപ്പിച്ച് ആഗ്രയിൽ കൊണ്ടു പോയി മത പരിവർത്തനം നടത്തുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.ഇത് ജാമ്യാപേക്ഷ നടപടികളെ പ്രതികൂലമായി ബാധിച്ചെന്ന് സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.മാത്യു കോയിക്കൽ പറഞ്ഞു.
,അതിനിടെ, സി.ബി.സി.ഐയുടെ അപേക്ഷയെത്തുടർന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇടപെട്ട് ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്ക് അയച്ചു. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മയുമായി സംസാരിച്ചെന്നും ഇന്നുച്ചയോടെ കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും അനൂപ് കേരള കൗമുദിയോട് പറഞ്ഞു.
പാർലമെന്റിൽ
പ്രതിഷേധം
കന്യാസ്‌ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റിൽ പ്രതിഷേധിച്ചു. സഭയ്‌ക്കു മുന്നിൽ പ്രകടനം നടത്തി. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ല.
പ്രധാനമന്ത്രിയെ കാണാൻ ശ്രമം
അറസ്റ്റിലായ കന്യാസ‌്‌ത്രീകളുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ശ്രമിക്കുകയാണെന്ന് സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യനും , സുരേഷ് ഗോപിയും വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |