ന്യൂഡൽഹി : പുതിയ സ്പോർട്സ് ബില്ലിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും (ബി.സി.സി.ഐ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള നിയമത്തിന് ഭേദഗതി കൊണ്ടുവന്ന് സർക്കാർ. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ സ്പോർട്സ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത് സഭ ചർച്ചയ്ക്കെടുത്ത് പാസാക്കുന്നതിന് മുമ്പാണ് ക്രിക്കറ്റിനെ 'രക്ഷിക്കാനുള്ള" നീക്കം സർക്കാർ തന്നെ നടത്തിയത്. ഭേദഗതി സംബന്ധിച്ച കുറിപ്പ് ഇന്നലെ എം.പി മാർക്ക് വിതരണം ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്നെ ഭേദഗതിയോടെ ബിൽ പാസാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
'എല്ലാ കായിക സംഘടനകളും" മാറി
'ഗ്രാന്റ് വാങ്ങുന്നവർ" മാത്രമായി
സഭയിൽ അവതരിപ്പിച്ച ബില്ലിൽ പ്രകാരം ബി.സി.സി.ഐ ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ കായിക സംഘടനകളും സംഘടനാ തിരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങൾ, കായിക താരങ്ങളുടെ ക്ഷേമം, പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ ബില്ലിലെ ചട്ടങ്ങൾ പാലിക്കേണ്ടിവരുമായിരുന്നു. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാനും ബി.സി.സി.ഐ ബാധ്യസ്ഥരാകും.
ഭേദഗതി വരുത്തി നൽകിയ ബില്ലിൽ 'രാജ്യത്തെ എല്ലാ കായിക സംഘടനകളും " എന്നതിന് പകരം കേന്ദ്രത്തിന്റെയോ സംസ്ഥാനങ്ങളുടെയോ സാമ്പത്തിക സഹായം കൈപ്പറ്റുന്ന കായിക സംഘടനകൾ എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.
നിലവിൽ ബി.സി.സി.ഐ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാനങ്ങളുടെയോ ഗ്രാന്റുകൾ കൈപ്പറ്റുന്നില്ല. ഇതോടെ സ്പോർട്സ് ഗവേണൻസ് ബില്ലിന്റെ പരിധിയിൽനിന്ന് ക്രിക്കറ്റ് ഒഴിവാകും. വിവരാവകാശത്തിൽ നിന്നും രക്ഷപെടാം.
എന്നാൽ ഇന്ത്യ എന്ന പേരുപയോഗിച്ച് ടീമിനെ ഇറക്കണമെങ്കിൽ കേന്ദ്ര അനുമതി വേണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല.
പാർലമെന്ററി കമ്മറ്റിക്ക്
വിടണമെന്ന് പ്രതിപക്ഷം
കായിക ബില്ലും ഉത്തേജക വിരുദ്ധബില്ലും പ്രാധാന്യമേറിയതായതിനാൽ സംയുക്ത പാർലമെന്റ് കമ്മറ്റിക്കോ സെർച്ച് കമ്മറ്റിക്കോ വിടണമെന്ന് പ്രതിപക്ഷം ഇന്നലെ ലോക്സഭാ സ്പീക്കറെകണ്ട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |