ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിലെ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഓഫീസുകൾ ഒരു കൂരയ്‌ക്കുള്ളിൽ കൊണ്ടുവരികയെന്ന പദ്ധതിയുടെ ഭാഗമായുള്ള കർത്തവ്യ ഭവൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമാണിത്. കർത്തവ്യഭവൻ പൊതുസേവനത്തിനായുള്ള നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണെന്ന് മോദി വ്യക്തമാക്കി. നയങ്ങളുടെയും പദ്ധതികളുടെയും വേഗത്തിലുള്ള നടപ്പാക്കൽ മാത്രമല്ല, വികസനത്തിന് പുതിയ വേഗം നൽകാനും മന്ദിരം സഹായിക്കും. പരിസ്ഥിതി സംരക്ഷണത്തിന് പൂർണ ശ്രദ്ധ നൽകിയാണ് കെട്ടിടം വികസിപ്പിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു. സമുച്ചയ പരിസരത്ത് വൃക്ഷത്തൈയും നട്ടു.
10ൽ ആദ്യത്തേത്
സെൻട്രൽ വിസ്റ്റ പദ്ധതിക്ക് കീഴിൽ പൊതു സെൻട്രൽ സെക്രട്ടേറിയറ്റിന്റെ (സി.സി.എസ്) ഭാഗമായി പത്ത് സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. അതിൽ ആദ്യത്തേതാണ് ഇന്നലെ ഉദ്ഘാടനം ചെയ്‌തത്. ശാസ്ത്രി ഭവൻ, ഉദ്യോഗ് ഭവൻ, നിർമ്മാൺ ഭവൻ, കൃഷി ഭവൻ, വായു ഭവൻ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന മന്ത്രാലയങ്ങളെല്ലാം കർത്തവ്യപഥിലെ പുതിയ മേൽവിലാസത്തിലേക്ക് മാറും. ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ ഓഫീസുകൾ ഇനി ഇവിടെ പ്രവർത്തിക്കും. അടുത്ത രണ്ടുവർഷം കൊണ്ട് ബാക്കി മന്ദിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം.
രണ്ട് ബേസ്‌മെന്റുകളിലായി ഏഴു നില കെട്ടിടം
1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണം
സംയോജിത ഇലക്ടോണിക് നിരീക്ഷണവും കേന്ദ്രീകൃത കൺട്രോൾ റൂം സംവിധാനവും
മാലിന്യ സംസ്‌കരണ സംവിധാനം
പരിസ്ഥിതി സൗഹൃദം
1. മേൽക്കൂരയിൽ സോളാർ പാനലുകൾ
2. പ്രതിവർഷം 5.34 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും
3. മഴവെള്ളം സംഭരിക്കാൻ സംവിധാനം. കുടിവെള്ളമായി ഉപയോഗിക്കും.
4. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്ന എൽ.ഇ.ഡി ലൈറ്റിംഗ്
5. വൈദ്യുതി ലാഭിക്കുന്ന സ്‌മാർട്ട് ലിഫ്റ്റുകൾ
6. ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിംഗ് സ്റ്റേഷനുകൾ
സെൻട്രൽ വിസ്റ്റ പദ്ധതി
പുതിയ പാർലമെന്റും വൈസ് പ്രസിഡന്റ് എൻക്ലേവും പൂർത്തിയായി
എക്‌സിക്യൂട്ടീവ് എൻക്ലേവ് (പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ്), ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ഇന്ത്യ ഹൗസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവയും നിർമ്മിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |