കോഴിക്കോട്: വിവാഹത്തോടെ തീരുന്നതല്ല പെൺകുട്ടികളുടെ ജീവിതം എന്ന് തെളിയിച്ച റാഫിയ അഫിയുടെ ജീവിതം ഒരു മാതൃകയും വെല്ലുവിളിയുമാണ്. 2015 ൽ ഹെെദരാബാദ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തായിരുന്നു വിവാഹം. അതിനിടെ നല്ല മാർക്കോടെ ബിരുദാനന്തരബിരുദം നേടി. ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സായിരുന്നു വിഷയം. ഒൻപത് വർഷം നീണ്ട വിവാഹജീവിതത്തോട് 10 മാസം മുമ്പ് വിടപറയേണ്ടിവന്നു. പൊരുത്തക്കേടുകളായിരുന്നു പ്രശ്നം. മലപ്പുറം സ്വദേശിയാണ് റാഫിയ.
'പങ്കാളിയുമായി ഒത്തുപോവാനാവില്ലെങ്കിൽ പിരിയണം. വിവാഹ മോചനം ചിലപ്പോൾ നല്ലൊരു ജീവിതത്തിന്റെ തുടക്കമാവും." അതായിരുന്നു റാഫിയയുടെ നിലപാട്. അങ്ങനെയാണ് 'ബ്രേക്ക് ഫ്രീ സ്റ്റോറീസ്" എന്ന പേരിൽ വിവാഹ മോചിതരായ സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. പിതാവിനൊപ്പം ബിസിനസിൽ സജീവമായ റാഫിയ ആറു വയസുള്ള മകളോടൊപ്പം ജീവിതം തിരിച്ചുപിടിച്ചു. ട്രെക്കിംഗും യാത്രകളുമെല്ലാം ആശ്വാസമായി.
വിവാഹമോചനത്തെക്കുറിച്ചും സിംഗിൾ പാരന്റിംഗിനെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ ചെയ്ത വീഡിയോകൾക്ക് ലഭിച്ച പ്രതികരണങ്ങളാണ് 'ബ്രേക്ക് ഫ്രീ സ്റ്റോറീസി"ന്റെ രൂപീകരണത്തിനിടയാക്കിയത്. ഇത് മുൻനിറുത്തി കേരളത്തിലുടനീളം ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ഈ 31കാരി ലക്ഷ്യമിടുന്നത്. കാലിക്കറ്റ് സർവകലാശാലയ്ക്കുസമീപം മാതാപിതാക്കളോടൊപ്പമാണ് റാഫിയ അഫി കഴിയുന്നത്. പിതാവ്: അബൂബക്കർ കടകുളത്ത്. മാതാവ്: റുഖിയ.
ഫുട്ബാളിലും കമ്പം
ഹൈദരാബാദ് സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സ് പഠനകാലത്താണ് റാഫിയ ഫുട്‌ബാൾ കളിക്കാൻ ആരംഭിച്ചത്. നാട്ടിലെത്തിയപ്പോൾ സാഹചര്യം മാറി. ടർഫിൽ ഫുട്‌ബാൾ കളിക്കാൻ സ്ത്രീകളുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ ഫുട്‌ബാൾ ഇഷ്ടമായിട്ടും ഇന്നേവരെ പന്ത് തട്ടാൻ അവസരം ലഭിക്കാത്തതിനാൽ കളിക്കളത്തിലിറങ്ങാത്തവരാണ് ഏറെയുമെന്നറിഞ്ഞു. ഫുട്‌ബാൾ ഇഷ്ടപ്പെടുന്നവർക്കായി ഇൻസ്റ്റഗ്രാമിലും വാട്‌സ് ആപ്പിലുമായി 'ഫുട്‌ബാൾ ഫോർ ഹെർ" കൂട്ടായ്മ തുടങ്ങി.
നന്നായി പോകുമെങ്കിൽ കുടുംബം മനോഹരമാണ്. ഒത്തുപോകില്ലെങ്കിൽ ഇറങ്ങിപ്പോരണം. അതിനുള്ള ധൈര്യമാണ് പ്രധാനം.
- റാഫിയ അഫി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |