വാഷിംഗ്ടൺ: തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വരെ ഇന്ത്യയുമായി വ്യാപാര ചർച്ചകളൊന്നും നടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. 25 ശതമാനം പകരച്ചുങ്കത്തിന് പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക ഇറക്കുമതി തീരുവ കൂടി ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തുകയായിരുന്നു. പകരച്ചുങ്കം ഈ മാസം 7ന് പ്രാബല്യത്തിൽ വന്നു. എന്നാൽ റഷ്യൻ എണ്ണയുടെ പേരിലെ തീരുവ 27നാണ് പ്രാബല്യത്തിൽ വരിക.
മോദിക്ക് ഉപദേശം നൽകും: നെതന്യാഹു
ട്രംപുമായി ഇടപെടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ സ്വകാര്യമായി ചില ഉപദേശങ്ങൾ നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മോദിയും ട്രംപും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ഇരു രാജ്യങ്ങളും തമ്മിലെ തീരുവ പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു കൂട്ടിച്ചേർത്തു. ഇന്ത്യ ഉടൻ സന്ദർശിക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ഇടപെട്ടെന്ന് ആവർത്തിച്ച് യു.എസ്
വാഷിംഗ്ടൺ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന വാദം ആവർത്തിച്ച് യു.എസ്. വിഷയത്തിൽ ട്രംപ് നേരിട്ട് ഇടപെട്ടെന്നും സമാധാനം സാദ്ധ്യമാക്കിയെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവകാശപ്പെട്ടു. ആരുടെയും മദ്ധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും സൈനികതലത്തിലെ ചർച്ചയിലൂടെയാണ് സംഘർഷം പരിഹരിച്ചതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |